ചെർക്കള–കല്ലടുക്ക റോഡിൽ വൻ കുഴി; ജീവനെടുക്കും വാരിക്കുഴികൾ
Mail This Article
കാസർകോട് ∙ കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പല തവണ ചൂണ്ടിക്കാണിച്ചിട്ടും അധികൃതർ അടയ്ക്കാൻ തയാറാവാതിരുന്ന ചന്ദ്രഗിരിപ്പാലത്തിനടുത്തെ കുഴിയിൽ വീണ് വിദ്യാർഥിനി മരണപ്പെട്ട നടുക്കത്തിലാണ് ജില്ല. റോഡിലെ അപകടക്കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്താൻ മന്ത്രിയും മരാമത്ത് ഉന്നത ഉദ്യോഗസ്ഥരും നിർദേശിക്കുമ്പോഴും ജില്ലയിലെ സംസ്ഥാന–ജില്ലാ–ഗ്രാമ പ്രദേശങ്ങളിലെ റോഡുകളിൽ ഇതു പാലിക്കപ്പെടുന്നില്ല.
സംസ്ഥാന പാതയിൽ സ്ഥിതി ഗുരുതരം
ദേശീയപാതയിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ചരക്കു ലോറികളും ഉൾപ്പെടെ വാഹനങ്ങളിൽ ഭൂരിഭാഗവും ചന്ദ്രഗിരിപ്പാലം വഴി കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലൂടെയാണ് പോകുന്നത്. എന്നാൽ ചന്ദ്രഗിരി ജംക‍്ഷൻ മുതൽ കളനാട് വലിയ പള്ളിവരെ മാത്രമായി ചെറുതും വലുതുമായ അൻപതിലേറെ കുഴികളുണ്ട്.
ഇതിൽ ചിലയിടങ്ങളിൽ കുഴികൾ ആഴമുള്ളതാണ്. പല സ്ഥലങ്ങളിലും ടാറിങ് ഇളകിയിട്ടുണ്ട്. ചന്ദ്രഗിരിപ്പാലത്തിൽ 3 കുഴികളുണ്ട്. ഇതു കഴിഞ്ഞാൽ ചെമ്മനാട്, മുണ്ടാങ്കുലം, ജമാഅത്ത് സ്കൂൾ പരിസരം, കോട്ടരുവം, ചളിയങ്കോട്, മേൽപറമ്പ്, ഇടവുങ്കാൽ തുടങ്ങിയ കളനാട് വലിയ പള്ളി പരിസരം വരെ പലയിടങ്ങളിൽ ടാർ ഇളകിയ നിലയിലാണ്.
കളനാട് വലിയ പള്ളിക്കു സമീപം പാചകവാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിലെടുത്ത കുഴി മണ്ണിട്ട് മൂടിയിരിക്കുന്നത് അപകടത്തിനിടയാക്കുന്നു. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ മണ്ണിട്ട ഭാഗത്ത് എത്തുമ്പോൾ വേഗം കുറയ്ക്കുകയും ഇതിന്റെ പിന്നാലെ എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയും ചെയ്യുന്നു. മണ്ണിട്ട ഭാഗത്ത് ബൈക്ക് യാത്രക്കാർ വീഴുന്നതും പതിവാണ്.
ചെർക്കള–കല്ലടുക്ക റോഡിൽ വൻ കുഴി
കിഫ്ബി വഴി കോടികൾ ചെലവഴിച്ചു നവീകരിച്ച ചെർക്കള -കല്ലടുക്ക റോഡ് തുടങ്ങുന്ന ഭാഗത്തു തന്നെ ചെർക്കള ടൗണിൽ യാത്രക്കാർക്ക് ഭീഷണിയായി വൻ കുഴി. പലതവണ കുഴി അടച്ചെങ്കിലും ആഴ്ചകൾ പോലും ആയുസ്സുണ്ടായില്ല. ചെളിവെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴി തിരിച്ചറിയാതെ പോകുന്ന ഇരുചക്രവാഹനങ്ങൾ വീഴുന്നതു പതിവാണ്. ചെർക്കള പെട്രോൾ പമ്പിനു സമീപത്തും റോഡിലെ കുഴി അപകടത്തിനു കാരണമാകുന്നു. 20 സെന്റി മീറ്ററോളം ആഴമുള്ള ഈ കുഴി വലിയ ഭീഷണിയാണ്.
ചെർക്കള-ജാൽസൂർ പാതയിലും കുഴികൾ
ചെർക്കള-ജാൽസൂർ പാതയിൽ ചെർക്കള മുതൽ കെകെ പുറം വരെയുള്ള ഭാഗത്താണ് ഏറെയും കുഴികളുള്ളത്. അവിടെ മുതൽ ശാന്തിനഗർ വരെയുള്ള ഭാഗം മാസങ്ങൾക്കു മുൻപു നവീകരിച്ചിരുന്നു. ശാന്തിനഗർ മുതൽ മുള്ളേരിയ വരെയുള്ള ഭാഗത്തും തുടർന്നു പടിയത്തടുക്ക മുതലും പലയിടത്തും റോഡ് തകർന്നു കിടക്കുകയാണ്. മെക്കാഡം ടാറിങ് ജില്ലയിൽ ആദ്യമായി ചെയ്ത റോഡുകളിലൊന്നാണിത്. ഏകദേശം 15 വർഷം മുൻപ്. അതിനു ശേഷം ചെറിയ തോതിൽ കുഴികളടച്ചതല്ലാതെ പൂർണമായും നവീകരണം നടത്തിയിട്ടില്ല.\
സംസ്ഥാന പാതയിലെ കുഴി; ശാശ്വത പരിഹാരം വൈകും
വിദ്യാർഥിനിയുടെ ജീവനെടുത്ത ചന്ദ്രഗിരിപ്പാലത്തിനടുത്തെ കുഴി താൽക്കാലികമായ നികത്തിയെങ്കിലും ഇവിടെ വീണ്ടും കുഴി രൂപപ്പെടുന്നു. ജെല്ലി കൊണ്ടാണ് കുഴികൾ നികത്തിയത്. സ്ഥിരം യാത്രക്കാർക്ക് കുഴി അറിയാമെന്നതിനാൽ വേഗം കുറയ്ക്കുമെങ്കിലും ആദ്യമായി ഇതിലൂടെ പോകുന്നവർക്ക് കുഴിയെക്കുറിച്ച് ധാരണയില്ലാത്തതാണ് അപകടം പതിവാകുന്നത്.
ഈ പാത നവീകരണത്തിനായി വലിയ തോതിലുള്ള പദ്ധതി തയാറാക്കിയതിനാൽ കുഴികൾ താൽക്കാലികമായ നികത്തുന്നതിനുള്ള പ്രവൃത്തി മാത്രമേ നിലവിൽ ചെയ്യാൻ സാധിക്കുകയുള്ളുവെന്ന് മരാമത്ത് അധികൃതർ പറയുന്നു. മഴ ശക്തമായി പെയ്യുന്നതിനാൽ കുഴികൾ നികത്തി അതിനു മുകളിൽ ടാറിങ് നടത്തുന്ന പ്രവൃത്തി ഈ മാസം അവസാനത്തോടെയേ തുടങ്ങുകയുള്ളു. ചന്ദ്രഗിരി ജംക‍്ഷൻ മുതൽ ഉദുമ വരെ ഒട്ടേറെ കുഴികളുണ്ടെന്ന് മരാമത്ത് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
നിത്യാ ഗോപിനാഥൻ, സ്കൂട്ടർ യാത്രക്കാരി
കാസർകോട്ടെ ഓഫിസിലേക്ക് സ്കൂട്ടറിലാണ് സ്ഥിരമായി പോകുന്നത്. റോഡിലെ കുഴികൾ ഇരുചക്രവാഹനങ്ങളിൽ പോകുന്ന യാത്രക്കാർക്കാണ് ഏറെ പ്രയാസമാകുന്നത്. മഴ വെള്ളം കുഴിയിൽ നിറയുന്നതിനാലും രാത്രിയിൽ കുഴിയുടെ ആഴം മനസ്സിലാക്കാൻ സാധിക്കാത്തതിനാലും അപകടം ഉണ്ടാകുന്നു. മറ്റൊരു ദുരന്തത്തിനു മുൻപേ നടപടി സ്വീകരിക്കണം.