ദേലംപാടി പഞ്ചായത്തിൽ സോളർ തൂക്കുവേലി തകർത്ത് വീണ്ടും കാട്ടാന; കൃഷി നശിപ്പിച്ചു
Mail This Article
അഡൂർ ∙ സോളർ തൂക്കുവേലി തകർത്തു വീണ്ടും കാട്ടാനയിറങ്ങി. ദേലംപാടി പഞ്ചായത്തിലെ ചെന്നങ്കുണ്ട്, ചാപ്പക്കൽ പ്രദേശങ്ങളിലാണ് ഒറ്റയാൻ വേലി തകർത്തു കൃഷി നശിപ്പിച്ചത്. ചാപ്പക്കല്ലിലെ കൃഷ്ണൻ നായർ, കൃഷ്ണൻ, കുട്ടിച്ചൻ എന്നിവരുടെ തോട്ടങ്ങളിലാണ് നാശമുണ്ടാക്കിയത്. തെങ്ങ്, വാഴ, കമുക് തുടങ്ങിയവ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഒറ്റയാന്റെ ആക്രമണം. വനാതിർത്തിയിലെ സോളർ തൂക്കുവേലി തകർത്താണ് ആനയുടെ വരവ്.
കൃഷി നശിപ്പിച്ച ശേഷം വേലിക്കപ്പുറത്തേക്കു തന്നെ കടന്നുപോവുകയും ചെയ്തു. ആനയ്ക്കു തകർക്കാൻ സാധിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടികൾ മുടക്കി തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് വേലി നിർമിച്ചത്. ഉദ്ഘാടനം കഴിഞ്ഞ ശേഷം ഇതു രണ്ടാം തവണയാണ് ആന തകർക്കുന്നത്. ദിവസങ്ങൾക്കു മുൻപു പുലിപ്പറമ്പിലൂടെ വേലി തകർത്ത് എത്തിയ ഒറ്റയാൻ ഇപ്പോഴും വേലിക്കുള്ളിൽ തന്നെ നിൽക്കുന്നുണ്ട്.