യുവാവിന്റെ പരാതി പരിഹരിക്കാൻ പൂട്ടു പൊളിച്ച് ചുവരിലെഴുതിയ നമ്പർ മായ്ച്ചു കളഞ്ഞ് പൊലീസ്
Mail This Article
മലപ്പുറം സ്വദേശിയുടെ പരാതി പരിഹരിക്കാൻ പൂട്ടു പൊളിച്ച് പൊലീസ്
നീലേശ്വരം ∙ വിദേശത്തേക്കു തിരിച്ചു പോകുന്നതിനു മുൻപു തന്നെ അലട്ടുന്ന പ്രശ്നവുമായി സ്റ്റേഷനിലെത്തിയ മലപ്പുറം സ്വദേശിയുടെ പരാതി തത്സമയം പരിഹരിക്കാൻ ബസ് സ്റ്റാൻഡ് ശുചിമുറി സമുച്ചയത്തിന്റെ പൂട്ടു പൊളിച്ചു നീലേശ്വരം പൊലീസ്. മലപ്പുറത്തു നിന്നു വൈകിട്ടോടെയെത്തി സ്റ്റേഷനിൽ പരുങ്ങി നിന്ന ചെറുപ്പക്കാരനോടു ജനറൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിപിഒ എൻ.മഹേഷ് കാര്യം തിരക്കിയപ്പോഴാണു തന്റെ ഉമ്മയുടെ ഫോണിലേക്കു സ്ഥിരമായി പല മൊബൈൽ നമ്പറുകളിൽ നിന്നു കോളുകൾ വരുന്നതും അന്വേഷിച്ചപ്പോൾ നീലേശ്വരം ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ നിന്നു കിട്ടിയതാണെന്ന് അറിഞ്ഞ വിവരവും യുവാവ് പറഞ്ഞത്.
ആവർത്തിക്കുന്ന കോളുകളിൽ ഉമ്മ മനം മടുത്തിരിക്കുകയാണെന്നു കൂടി യുവാവ് പറഞ്ഞതോടെ എസ്ഐ മധു മടിക്കൈ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി.പ്രദീപൻ, കെ.വി.ഷിബു എന്നിവർ ചുറ്റും കൂടി. അടുത്ത ദിവസം വിദേശത്തെ ജോലി സ്ഥലത്തേക്കു തിരിച്ചു പോകണമെന്നും ശല്യം പരിഹരിച്ചില്ലെങ്കിൽ ഉമ്മയ്ക്കു മനസമാധാനമുണ്ടാകില്ലെന്നും പറഞ്ഞ യുവാവ് രാത്രി 10 മണിക്കുള്ള ബസിനു തന്നെ നാട്ടിലേക്കു തിരിക്കേണ്ട കാര്യവും സൂചിപ്പിച്ചു.
പൊലീസ് സംഘത്തിൽ നിന്നു കാര്യമറിഞ്ഞ നഗരസഭാ ടൗൺ വാർഡ് കൗൺസിലർ ഇ.ഷജീർ ഒട്ടും സമയം കളയാതെ ശുചിമുറി നോക്കി നടത്തുന്ന തമിഴ്നാട് സ്വദേശിനിയുടെ വീട്ടിൽ പോയി താക്കോൽ വാങ്ങിയെത്തി. ഇതോടെ പൊലീസ് സമീപത്തെ കടയിൽ പോയി ചുറ്റിയ വാങ്ങിക്കൊണ്ടു വന്നു പൂട്ട് തകർത്ത് അകത്തു കയറി. പൊലീസ് തന്നെ അകത്തു കയറി പുരുഷൻമാരുടെ ശുചിമുറിയുടെ ചുവരിലെഴുതിയ നമ്പർ മായ്ച്ചു കളഞ്ഞു ശുചിമുറിക്കു പുതിയ പൂട്ടും വാങ്ങിയിട്ടു.