ADVERTISEMENT

കൊല്ലൂർ∙ആയിരക്കണക്കിന് ഭക്ത ജനങ്ങളെയും മൂകാംബിക ദേവി മന്ത്രധ്വനികളെയും സാക്ഷിയാക്കി മഹാനവമി ദിനത്തിൽ കൊല്ലൂരിൽ പുഷ്പ രഥോത്സവത്തിനു സമാപനമായി. പുലർച്ചെ 3ന് നട തുറക്കുമ്പോൾ തന്നെ ദേവി ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ നിരകളിൽ സ്ഥാനം പിടിച്ചിരുന്നു. പ്രഭാത പൂജകളും നവരാത്രി പൂജയും കഴിഞ്ഞ് രാവിലെ 10 മണി മുതലാണ് ഭക്തർക്ക് ദർശനം ലഭിച്ചത്. ശ്രീകോവിലിനു മുന്നിൽ പുഷ്പങ്ങളാൽ അലങ്കരിച്ച് നിർത്തിയ രഥത്തെയും ഭക്തർ തൊട്ടുവണങ്ങി. രഥം വലിക്ക് മുന്നോടിയായി ചണ്ഡികായാഗം നടക്കുന്ന വേളയിൽ ക്ഷേത്രാങ്കണം ഭക്തരാൽ നിറഞ്ഞു. 

ദേവിക്ക് അർപ്പിക്കാനായി പുഷ്പങ്ങളുമായി അമ്മമാരും കുരുന്നുകളും കടുത്ത ചൂടിനെ അവഗണിച്ച് കാത്തിരുന്നു. 11.50ന് മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ മുതിർന്ന അർച്ചകൻ കാളിദാസ ഭട്ട് ദേവീവിഗ്രഹവുമായി ശ്രീകോവിലിന് പുറത്തെത്തിയപ്പോൾ ക്ഷേത്രാങ്കണം വാദ്യ മേളങ്ങളാലും മന്ത്രധ്വനികളാലും ഭക്തിസാന്ദ്രമായി. വാദ്യമേളങ്ങളുടേയും മറ്റ് അർച്ചകരുടെയും അകമ്പടിയോടെ വിഗ്രഹവുമായി ക്ഷേത്രത്തെ 3 തവണ വലം വച്ചപ്പോൾ ഭക്തവത്സർ ഒന്നടങ്കം ഇമ ചിമ്മാതെ കൈകൂപ്പി പ്രാർഥിച്ചു. 

വിഗ്രഹം തലയിലേറ്റി കാളിദാസ് ഭട്ട് പുഷ്പങ്ങളാലും പട്ടുവസ്ത്രങ്ങളാലും അലങ്കരിച്ച രഥത്തിൽ കയറി. ശേഷം മുഖ്യതന്ത്രി നിത്യാനന്ദ അഡിഗ, മുതിർന്ന അർച്ചകൻ മഞ്ചുനാഥ അഡിഗ എന്നിവരും രഥത്തിൽ കയറിയതോടെ തന്ത്രി രാമചന്ദ്ര അഡിഗയുടെ നേത‍ൃത്വത്തിൽ 12.35ന് രഥം വലി ആരംഭിച്ചു. ഏതാനും ഭക്തരും രഥം വലിക്കാനായി കൂടി. വൊളന്റിയർമാരും പൊലീസും ഭക്തരെ ഇരു ദിശയിലേക്ക് മാറ്റി രഥ പ്രദക്ഷിണത്തിനായി വഴിയൊരുക്കി. വീരഭദ്രന്റെ പ്രതിഷ്ഠയ്ക്ക് മുന്നിൽ എത്തിയ രഥത്തിൽ നിന്ന് നാണയത്തുട്ടുകൾ എറിഞ്ഞു നൽകിയപ്പോൾ  ഭക്തർ നാണയങ്ങൾ ശേഖരിച്ചു. ഈ മാസം 15ന് ആരംഭിച്ച നവരാത്രി ആഘോഷങ്ങളാണ് തിങ്കളാഴ്ച രഥം വലിയോടെ പൂർത്തിയായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com