വലിയപറമ്പിലെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾ നിരീക്ഷിച്ച് കലക്ടർ
Mail This Article
തൃക്കരിപ്പൂർ∙ തൊഴിലുറപ്പ് പദ്ധതിയിൽ കടലോര പഞ്ചായത്തായ വലിയപറമ്പിന്റെ ഉണർവും കരുത്തും കണ്ടറിയാൻ കലക്ടർ കെ.ഇമ്പശേഖർ ദ്വീപിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.പ്രകൃതി ക്ഷോഭത്തിലും കാലവർഷത്തിലും നാശം നേരിടുകയും കടലേറ്റത്തിൽ വർഷം തോറും തീരശോഷണം സംഭവിക്കുകയും ചെയ്യുന്ന പ്രദേശങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുന്ന പ്രവൃത്തികൾ പരിശോധിച്ചു.
വടക്ക് ഒരിയര മേഖലയിൽ നിന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സന്ദർശനം ആരംഭിച്ചത്. മാവിലാക്കടപ്പുറം, ബിച്ചാരക്കടപ്പുറം, പട്ടേൽക്കടപ്പുറം, വലിയപറമ്പ്, തയ്യിൽ നോർത്ത് കടപ്പുറം, ഇടയിലക്കാട്, മാടക്കാൽ തുടങ്ങിയ ഭാഗങ്ങളിൽ അദ്ദേഹം എത്തി.
തീരശോഷണം തടയാനുള്ള 75, 0000 കാറ്റാടി തൈകൾ വച്ചു പിടിപ്പിച്ചുള്ള ഹരിത കവചം പദ്ധതിയുടെ കാറ്റാടി നഴ്സറിയും കായലിന്റെ ആരോഗ്യമായ കണ്ടൽ നഴ്സറിയും തീറ്റപ്പുൽ കൃഷിയും അദ്ദേഹം സന്ദർശിച്ചു.ഉപ്പുവെള്ളം കയറി നെൽക്കൃഷിയും മറ്റും നാശം നേരിടുന്ന ഇടയിലക്കാട്ടിലെയും പ്രദേശത്തെയും കൃഷി സംരക്ഷണത്തിന് കയർ ഭൂവസ്ത്രം പദ്ധതിയിൽ പ്രതിരോധം തീർക്കുന്ന പ്രവൃത്തിയെ കലക്ടർ അഭിനന്ദിച്ചു.
പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലും കയർ ഭൂവസ്ത്ര പദ്ധതിയുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ, വൈസ് പ്രസിഡന്റ് പി.ശ്യാമള, സ്ഥിരം സമിതി അധ്യക്ഷരായ ഖാദർ പാണ്ട്യാല, കെ.മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി എം.പി.വിനോദ് കുമാർ, ജോയിന്റ് ബിഡിഒ എ.വി.സന്തോഷ് കുമാർ, എഇ ഹിസാന, ഓവർസീയർ സുമിഷ തുടങ്ങിയവർ പങ്കെടുത്തു.