ADVERTISEMENT

പട്ടേന ∙ തുലാപ്പത്ത് കഴിഞ്ഞതോടെ ഉറഞ്ഞുണർന്ന കളിയാട്ടക്കാവുകളിൽ അനുഗ്രഹം ചൊരിഞ്ഞ് തെയ്യക്കോലങ്ങൾ.നീലേശ്വരം പട്ടേന പട്ടേൻ ചാമുണ്ഡിക്കാവ് കളിയാട്ടത്തിൽ പ്രധാന ആരാധനാമൂർത്തിയായ പട്ടേൻ ചാമുണ്ഡിയുടെ പുറപ്പാടുണ്ടായി. കൃഷിക്കളവും കർഷകരെയം കാക്കുന്ന കാർഷിക ദേവതയാണ് പട്ടേൻ ചാമുണ്ഡി അമ്മ. തിരുമുറ്റത്തെത്തി ഭക്തർക്കു ദർശനം നൽകി അനുഗ്രഹം ചൊരിഞ്ഞ തെയ്യക്കോലം വയൽ സഞ്ചാരം, പട്ടേൻ തറവാട്ടുകാരോട് മൊഴി ചൊല്ലൽ, ശങ്കരമംഗലം ഇല്ലം സന്ദർശനം എന്നീ ചടങ്ങുകളും നടത്തി.  ബ്രാഹ്മണമൂർത്തി, മേലേ ഗുരുനാഥൻ തെയ്യക്കോലങ്ങളും കെട്ടിയാടി. അന്നദാനവുമുണ്ടായി. ക്ഷേത്രം കർമി സന്തോഷിന്റെ നേതൃത്വത്തിൽ പത്താമുദയപൂജ, അടിയന്തിരം, കലശം വയ്പ് ചടങ്ങുകളും നടത്തി. 

നീലേശ്വരം പട്ടേന പട്ടേൻ ചാമുണ്ഡിക്കാവ് കളിയാട്ടത്തിൽ കെട്ടിയാടിയ പ്രധാന ആരാധനാമൂർത്തിയായ പട്ടേൻ ചാമുണ്ഡി തെയ്യക്കോലം വയൽസഞ്ചാരം നടത്തുന്നു.
നീലേശ്വരം പട്ടേന പട്ടേൻ ചാമുണ്ഡിക്കാവ് കളിയാട്ടത്തിൽ കെട്ടിയാടിയ പ്രധാന ആരാധനാമൂർത്തിയായ പട്ടേൻ ചാമുണ്ഡി തെയ്യക്കോലം വയൽസഞ്ചാരം നടത്തുന്നു.

പടന്നക്കാട് വലിയവീട് തറവാട് കളിയാട്ടം ഇന്നും നാളെയും
പടന്നക്കാട് ∙ വലിയവീട് തറവാട്ടിലെ കളിയാട്ടം ഇന്നു തുടങ്ങും. തെയ്യംകൂടൽ, തുടർന്നു വിവിധ തെയ്യക്കോലങ്ങളുടെ തുടങ്ങലും കുളിച്ചുതോറ്റവും. ചെറിയ ഭഗവതി, അന്തിയണങ്ങും ഭൂതം, അച്ചൻ തെയ്യം, അമ്മ ദൈവം പുറപ്പാട്. നാളെ പുലർച്ചെ 4 നു പൊട്ടൻതെയ്യം, പുലച്ചാമുണ്ഡി, പുലപ്പൊട്ടൻ തെയ്യക്കോലങ്ങളുടെ അഗ്നിപ്രവേശം. നാളെ  രാവിലെ 10 മുതൽ രക്തചാമുണ്ഡി, കുണ്ടാർ ചാമുണ്ഡി, വിഷ്ണുമൂർത്തി, കമ്മാടത്ത് ഭഗവതി, ഉച്ചൂളിക്കടവത്ത് ഭഗവതി, ഗുളികൻ തെയ്യക്കോലങ്ങളുടെ പുറപ്പാട്. വൈകിട്ട് 6 നു കളിയാട്ടം സമാപിക്കും. ഉച്ചയ്ക്ക് ആയിരങ്ങൾക്ക് അന്നദാനവുമുണ്ടാകും. തെയ്യം അനുഷ്ഠാന കലാമേഖലയിലെ പ്രധാനപ്പെട്ട 4 സമുദായക്കാരുടെയും തെയ്യക്കോലങ്ങൾ ഒരേ ദിവസം കെട്ടിയാടുന്ന തറവാടാണ് പടന്നക്കാട് വലിയവീട്.

ചാലിങ്കാൽ കരിഞ്ചാമുണ്ഡി വിഷ്ണുമൂർത്തി പഞ്ചുരുളി ദേവസ്ഥാനത്ത് പത്താമുദയത്തോടനുബന്ധിച്ച് നടന്ന നിവേദ്യസമർപ്പണച്ചടങ്ങ്.
ചാലിങ്കാൽ കരിഞ്ചാമുണ്ഡി വിഷ്ണുമൂർത്തി പഞ്ചുരുളി ദേവസ്ഥാനത്ത് പത്താമുദയത്തോടനുബന്ധിച്ച് നടന്ന നിവേദ്യസമർപ്പണച്ചടങ്ങ്.

ഭഗവദ്ഗീത ജ്ഞാനയജ്ഞം നാളെ മുതൽ
വെള്ളിക്കോത്ത് ∙ ചിന്മയ മിഷൻ സ്ഥാപകൻ സ്വാമി ചിന്മയാനന്ദ സരസ്വതിയുടെ 108–ാം ജയന്തിയാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ചിന്മയ മിഷൻ, വെള്ളിക്കുന്നത്ത് ഭഗവതികാവ് എന്നിവയുടെ നേതൃത്വത്തിൽ നാളെ വെള്ളിക്കുന്നത്ത് ഭഗവതികാവിൽ ഭഗവദ്ഗീത ജ്ഞാനയജ്ഞം തുടങ്ങും.
യജ്ഞദിവസങ്ങളിൽ വൈകിട്ട് 5 മുതൽ ആറര വരെ നീലേശ്വരം ചിന്മയ മിഷൻ ആചാര്യൻ സ്വാമി വിശ്വാനന്ദ സരസ്വതി ഭഗവദ്ഗീത മൂന്നാം അധ്യായം കർമയോഗത്തെക്കുറിച്ച് പ്രഭാഷണം നടത്തും. ക്ഷേത്രം മേൽശാന്തി മാധവൻ നമ്പൂതിരി യജ്ഞം ഉദ്ഘാടനം ചെയ്യും. നവംബർ 5 നു സമാപിക്കും.

തുലാപ്പത്ത് കഴിഞ്ഞു;  വയനാട്ടു കുലവൻ തറവാടുകൾ ഇനി പുതിയൊടുക്കലിന്റെ തിരക്കിലേക്ക്
പാലക്കുന്ന്∙ പത്താമുദയം കഴിഞ്ഞതോടെ  കോലത്തു നാട്ടിലെ തീയസമുദായ തറവാടുകൾ  പുതിയൊടുക്കലിന്റെ (പുത്തരികൊടുക്കൽ) തിരക്കിലേക്ക്. എട്ടില്ലം തിരിച്ചുള്ള 123 വയനാട്ടുകുലവൻ തറവാടുകൾ പാലക്കുന്ന് കഴകത്തിലുണ്ട്. ജില്ലയിൽ 500ലേറെ തറവാടുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ഏതാനും ദേവസ്ഥാനങ്ങളും പെടും.
വയനാട്ടുകുലവനാണ് പ്രധാന പ്രതിഷ്ഠ. കുലവനെകൂടാതെ മഹാവിഷ്ണു, പടിഞ്ഞാറ്റ ചാമുണ്ഡി, കുറത്തിയമ്മ, ഗുളികൻ, പൊട്ടൻ തുടങ്ങിയ പരിവാര ദൈവങ്ങളെയും ആരാധിക്കുന്നുണ്ട്. കുടുംബത്തിലെ അംഗങ്ങളുടെ സംഗമ സ്ഥാനമാണ് തറവാടുകൾ. ഓരോ ഇല്ലത്തിനും വെവ്വേറെ തറവാടുകളുണ്ട്. ഒരേ ഇല്ലത്തിൽ പെടുന്നവർ പരസ്പരം വിവാഹം പാടില്ലെന്നാണ് നിഷ്കർഷ. പഴയ കാലം മുതൽ 'മരുമക്കത്തായം' പിൻതുടർന്നു  വരുന്ന രീതിയാണ് എട്ടില്ലം തറവാടുകളിൽ നിലനിന്നു വരുന്നത്. തീയരുടെ  ധർമദൈവം  ആദിപരാശക്തി സ്വരൂപിണിയായ ചാമുണ്ഡിയാണെങ്കിലും ശിവാംശമായ വയനാട്ടുകുലവനെ 'കുലദൈവ'മായി പ്രതിഷ്ഠിച്ച് ആരാധിക്കുന്നു.

വെളിച്ചപ്പാടന്മാർ
തീയ തറവാടുകളിൽ കർമങ്ങൾ അനുഷ്ഠിക്കാൻ തീയ സമുദായത്തിൽ പെടുന്ന വെളിച്ചപ്പാടന്മാർക്കു മാത്രമേ അവകാശമുള്ളൂ. വെളിച്ചപ്പാടന്മാർ  ക്ഷേത്രത്തിൽ പോയി കലശംകുളി നടത്തിയ ശേഷമേ തറവാടുകളിൽ പുതിയൊടുക്കൽ ചടങ്ങിൽ കർമങ്ങൾ അനുഷ്ഠിക്കാവൂ എന്നതാണ് രീതി. 'മഹാവിഷ്ണു -വയനാട്ടുകുലവൻ വെളിച്ചപ്പാടൻ പരിപാലന സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിച്ചപ്പാടന്മാർ തുലാം 9ന് കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രദർശനം നടത്തി. ക്ഷേത്രക്കുളത്തിൽ  സ്നാനം ചെയ്ത് ക്ഷേത്ര കർമി നൽകിയ തീർഥജലം ശിരസ്സിൽ ഒഴിച്ച്  കലശംകുളി നടത്തി. അന്ന് കലശം കുളിക്കാൻ സാധിക്കാത്തവർക്ക്, തറവാടുകളിൽ കർമം ചെയ്യാൻ പോകും മുൻപേ, തൊട്ടടുത്ത വിഷ്ണുക്ഷേത്രത്തിൽ നിന്നും  കലശംകുളിക്കാമെന്നും സംഘം പ്രസിഡന്റ്‌ അരവിന്ദാക്ഷൻ കാസർകോട് പറഞ്ഞു.

പുത്തരി വിളമ്പൽ
തൊണ്ടച്ചന് പുത്തരി വിളമ്പുന്ന ചടങ്ങാണ് പുതിയൊടുക്കൽ. എല്ലാ അംഗങ്ങളും അന്ന് തറവാട്ടിൽ എത്തും. വിവാഹിതരായ സ്ത്രീകൾ 5 ഇടങ്ങഴി അരിയും ദീപത്തിന് എണ്ണയും നൽകുന്നതാണ് പഴയ രീതി. നിലവിൽ അതിന് പകരം അതതു തറവാട് കമ്മിറ്റി നിശ്ചയിക്കുന്ന തുക നൽകണം. ഒരാഴ്ച മുൻപേ  കുലകൊത്തൽ ചടങ്ങ് നടക്കും.  പുതിയൊടുക്കൽ ദിവസം സന്ധ്യാദീപത്തിന് ശേഷം ചടങ്ങുകൾ തുടങ്ങും. അവകാശികളായ വണ്ണാൻ സമുദായത്തിൽപ്പെട്ടവർ ‘വടക്കേം വാതി'ലിനുള്ള തട്ട് ഒരുക്കും. ദൈവത്തെ വരവേൽക്കാനെന്ന  സങ്കൽപത്തിൽ  തോറ്റം ചൊല്ലും. തുടർന്ന് തിരുവായുധങ്ങളുമായി വെളിച്ചപ്പാടന്മാരുടെ പുറപ്പാട്.

ചടങ്ങുകൾക്ക് ശേഷം തറവാട്ടിലെത്തുന്നവർക്ക് അംശവും അട യും തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും വിളമ്പും. അരിപ്പൊടി, ശർക്കര, ചിരവിയെടുത്ത തേങ്ങ എന്നിവ ചേർത്ത് വാഴയിലയിൽ ചുട്ടെടുക്കുന്നതാണ് അട. തറവാട്ടിലെത്തിയവർക്കെല്ലാം വാഴഇലയിൽ അടയും പഴവും നൽകും. അരിപൈസയും എണ്ണപൈസയും  നൽകിയവർക്ക് അടയും മലരും പഴവും പ്രസാദമായി  പൊതിഞ്ഞു നൽകും. പുത്തരി കഴിഞ്ഞുള്ള ദിവസങ്ങളിൽ 'കൈതും' (കൈവീത്)  കുറത്തിയമ്മയ്ക്ക് ചോറും നേർച്ചയായി സമർപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com