ADVERTISEMENT

കാസർകോട് ∙ വടക്കൻ മലബാറിന്റെ ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാനായി മലയാള മനോരമ നടത്തുന്ന എക്സ്പ്രസ് ഹർജി ക്യാംപെയ്നിനോട് 3ാം ദിവസവും മികച്ച പ്രതികരണം. നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ്– എൻആർഡിസിയുടെ നേതൃത്വത്തിൽ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നടത്തിയ ഒപ്പു ശേഖരണത്തിൽ നൂറിൽ അധികം പേർ ഒപ്പു രേഖപ്പെടുത്തി. കുമ്പള സ്റ്റേഷനിൽ കുമ്പള പാസഞ്ചേഴ്സ് അസോസിയേഷനും മൊഗ്രാൽ ദേശീയ വേദി പ്രവർത്തകരും യാത്രക്കാരും ഒപ്പ് ശേഖരണത്തോടു സഹകരിച്ചു. നീലേശ്വരത്ത് എൻആർഡിസി സെക്രട്ടറി എൻ.സദാശിവൻ, ട്രഷറർ എം.ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബു കൗസല്യ, പി.ടി.രാജേഷ്, കെ.അജിത്ത് എന്നിവർ ഒപ്പു ശേഖരണത്തിനു നേതൃത്വം നൽകി. വിവിധ ട്രെയിനുകളിൽ യാത്ര ചെയ്യാനായി സ്റ്റേഷനിൽ എത്തിയവരും ട്രെയിൻ ഇറങ്ങി വീടുകളിലേക്കു മടങ്ങുകയായിരുന്നവരും പൊതുപ്രവർത്തകരും റെയിൽവേ സ്റ്റേഷൻ ഓട്ടോസ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാരുമെല്ലാം ഒപ്പു ശേഖരണത്തിൽ പങ്കുചേർന്നു. ട്രെയിൻ യാത്രക്കാർ ദീർഘകാലമായി അനുഭവിച്ചു വരുന്ന അസൗകര്യങ്ങളും പ്രയാസങ്ങളും പരിഹരിക്കാനും വർഷങ്ങളായി ഉന്നയിച്ചു വരുന്ന ആവശ്യങ്ങൾ അംഗീകരിക്കാനും അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ക്യാംപയ്നിൽ പങ്കുചേർന്നവർ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു. കുമ്പള പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിസാർ പെർവാഡ്, പ്രഫ.കെ.പി.ജയരാജൻ, മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് വിജയകുമാർ കുമ്പള, വൈസ് പ്രസിഡന്റ് അഷ്റഫ് പെർവാഡ്, സെഡ്.എ.മൊഗ്രാൽ, അബ്ദുല്ലകുഞ്ഞി നടപ്പള്ളം, മുഹമ്മദ് കു‍‍ഞ്ഞി തുടങ്ങിയവർ ഹർജിയിൽ ഒപ്പ് രേഖപ്പെടുത്തി. 

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എൻആർഡിസിയുടെ നേതൃത്വത്തിൽ നടന്ന ഒപ്പു ശേഖരണത്തിൽ പങ്കെടുക്കുന്ന യാത്രക്കാർ
നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എൻആർഡിസിയുടെ നേതൃത്വത്തിൽ നടന്ന ഒപ്പു ശേഖരണത്തിൽ പങ്കെടുക്കുന്ന യാത്രക്കാർ

ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചു
തലശ്ശേരി –മാഹി ബൈപാസിലെ അഴിയൂർ റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തിയുടെ ഭാഗമായി റെയിൽവേ ട്രാക്കിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനു വേണ്ടി ഇന്നു മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഇതുവഴിയുള്ള ട്രെയിൻ സർവീസുകളിൽ ചിലത് പുനഃക്രമീകരിച്ചു. യാത്രയ്ക്കു മുൻപ് സമയക്രമം പരിശോധിക്കണമെന്നു റെയിൽവേ അറിയിച്ചു. ക്രമീകരണം കൂടുതലും ബാധിക്കുക രാത്രികാല സർവീസുകളെയാണ്.

''നിലവിലെ ടൈം ഷെഡ്യൂളിൽ പുനഃക്രമീകരണം ആവശ്യമാണ്. രാവിലെയും വൈകുന്നേരവും  ഒരേ സമയത്ത് പല ട്രെയിനുകൾ സർവീസ് നടത്തുമ്പോൾ യാത്രക്കാർക്ക് ഉപകാരപ്രദമായ സമയങ്ങളിൽ തീരെ ട്രെയിൻ ഇല്ലാത്ത സാഹചര്യം നിലവിലുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. കൂടാതെ ഉപ്പള, കുമ്പള, കോട്ടിക്കുളം, ചെറുവത്തൂർ തുടങ്ങിയ സ്റ്റേഷനുകളിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം കുമ്പള റെയിൽവേ സ്റ്റേഷനെ കാസർകോടിന്റെ നോർത്ത് സബ്സ്റ്റേഷനായി പരിഗണിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് കൂടുതൽ ട്രെയിനുകൾ ഇവിടേക്കെത്തിക്കണം. വന്ദേ ഭാരത് പോലുള്ള ഹൈസ്പീഡ് ട്രെയിനുകൾ നല്ലതാണെങ്കിലും ഇതു മൂലം മറ്റു ട്രെയിനുകൾ പിടിച്ചിടുന്ന സാഹചര്യം ഉണ്ടാവരുത്.'' 

''യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും ജില്ലയിലെ മൂന്നാമത്തെ റെയിൽവേ സ്റ്റേഷനാണ് ആണ് നീലേശ്വരം. നീലേശ്വരം നഗരസഭ പൂർണമായും തൊട്ടു നിൽക്കുന്ന കാഞ്ഞങ്ങാട് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും യാത്രക്കാർക്കു പുറമെ മലയോര പഞ്ചായത്തുകളിൽ നിന്നുള്ള യാത്രക്കാരും ജീവനക്കാരും വിദ്യാർഥികളുമെല്ലാം ഉപയോഗിക്കുന്ന റെയിൽവേ സ്റ്റേഷൻ ആണിത്. ഇരു ഭാഗത്തേക്കുമുള്ള ചെന്നൈ മെയിൽ, നേത്രാവതി എക്സ്പ്രസ് എന്നിവയ്ക്ക് ഉടൻ സ്റ്റോപ് അനുവദിച്ചു കിട്ടേണ്ടതുണ്ട്. ഗ്രൂപ്പ് ബുക്കിങ് സംവിധാനം, സൗകര്യപ്രദമായ ടിക്കറ്റ് കൗണ്ടർ, രണ്ടാം പ്ലാറ്റ്ഫോമിൽ കൂടുതൽ ഭാഗത്ത് മേൽക്കൂരയും കൂടുതൽ ഇരിപ്പിടങ്ങളും സ്റ്റേഷനു കിഴക്കു ഭാഗത്ത് മലയോര ഭാഗത്തു നിന്നെത്തുന്ന യാത്രക്കാർക്കായി പാർക്കിങ് സൗകര്യവും പ്രവേശനകവാടവും മൂന്നാം പ്ലാറ്റ്ഫോം യാത്രക്കാർക്ക് ഉപകരിക്കും വിധം നവീകരിക്കൽ, ഇതിനായി എഫ്സിഐ ലൈൻ കൂടുതൽ കിഴക്കോട്ട് മാറ്റിസ്ഥാപിക്കൽ എന്നിവ അടിയന്തര ആവശ്യമാണ്.''   

''ദേശീയപാതയ്ക്ക് തൊട്ടടുത്താണ് കുമ്പള റെയിൽവേ സ്റ്റേഷൻ. 37 ഏക്കറിലേറെ സ്ഥലം ഇവിടെയുണ്ട്. വേണ്ട രീതിയിൽ വികസിപ്പിച്ചാൽ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഇവിടേക്കു നീട്ടാൻ കഴിയും. സാറ്റലൈറ്റ് സ്റ്റേഷനാക്കണം. ശരാശരി 13 കിലോമീറ്ററിൽ ഒരു സ്റ്റോപ്പുള്ള പരശുറാം എക്സ്പ്രസിന് ഇവിടെ സ്റ്റോപ്പില്ല. രാവിലെ 5.35ന് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണം. നിലവിൽ കറന്തക്കാടിനപ്പുറമുള്ള ആളുകൾ മറ്റു വാഹനങ്ങൾ വലിയ വില വാടക നൽകിയാണ് കാസർകോട് സ്റ്റേഷനിലെത്തുന്നത്. വൈകിട്ട് 6.15ന് മലബാർ എക്സ്പ്രസ് കഴിഞ്ഞാൽ തെക്കൻ മേഖലയിലേക്ക് അർധരാത്രിയേ ട്രെയിനുള്ളു. ചെറുവത്തൂർ – മംഗളൂരു പാസഞ്ചർ സർവീസ് കണ്ണൂരിൽ നിന്ന് വൈകിട്ട് ചെറുവത്തൂരിലെത്തി അവസാനിപ്പിക്കാതെ മംഗളൂരുവിലേക്ക് വിടുക. രാത്രി 9ന് മംഗളൂരുവിൽ നിന്ന് വിട്ട് 11ന് ചെറുവത്തൂരിലെത്താം.'' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com