വേറിട്ട അനുഭവവുമായി പൂർവ വിദ്യാർഥി സംഗമം
Mail This Article
മൊഗ്രാൽ ∙ മൊഗ്രാൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 1988-89 എസ്എസ്എൽസി ബാച്ചിലെ ‘കുട്ടികൾക്ക്' മുൻപിൽ പഴയ വിജയൻ മാഷ് ഒരു വടിയും ടെക്സ്റ്റ് പുസ്തകവുമായി ക്ലാസ് എടുക്കാൻ എത്തിയപ്പോൾ 50 വയസ്സ് പിന്നിട്ട അന്നത്തെ‘ചെറു ബാല്യക്കാർ’ ആദ്യം ഒന്ന് നാണിച്ചു. പിന്നീട് സഹപാഠികൾ ഒരിക്കൽ കൂടി അനുസരണയുള്ള കുട്ടികളായി മാറി. അന്നത്തെ എസ്എസ്എൽസി വിദ്യാർഥികളായ 60ഓളം പേരാണ് വിദ്യാലയ മുറ്റത്ത് ഒത്തുചേർന്ന് സൗഹൃദം പങ്കിട്ടത്.
പഴയകാല ക്ലാസ് റൂം അതേ മാതൃകയിൽ ഒരുക്കിയും ഒരു ബെഞ്ചിലിരുന്ന് കുശലം പറഞ്ഞും നടന്ന സംഗമം വേറിട്ട അനുഭവവുമായി.
മറഞ്ഞുപോയ സഹപാഠികളും അധ്യാപകരും ഓർമകളിൽ നൊമ്പരമായി. മാതാപിതാക്കൾ നഷ്ടപ്പെട്ട മൊഗ്രാൽ സ്കൂളിലെ വിദ്യാർഥിക്ക് സഹപാഠികളും പിടിഎയും അധ്യാപകരും ചേർന്ന് സ്വരൂപിക്കുന്ന ‘സസ്നേഹം സഹപാഠിക്ക്’ എന്ന പദ്ധതിയിലേക്കും മൊഗ്രാൽ ദേശീയവേദിയുടെ ‘കണ്ണീരൊപ്പാൻ കണ്ണികളാവുക’ ചാരിറ്റി ഫണ്ടിലേക്കും സംഗമം സംഭാവന നൽകി.
അബ്ദുൽ റഹ്മാൻ, വിജയൻ എന്നീ അധ്യാപകർ പഴയകാല ക്ലാസ് റൂം അനുഭവങ്ങൾ പങ്കുവച്ചു. ഉച്ചയ്ക്ക് ശേഷം മൊഗ്രാൽ നാങ്കി ‘ക്ലാപൗട്ട് സിഗ്നേച്ചർ റിസോർട്ടിൽ’ കുടുംബ സംഗമം സംഘടിപ്പിച്ചു.
സി.ഹിദായത്തുല്ല അധ്യക്ഷത വഹിച്ചു. മൊഗ്രാൽ ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപകൻ എ.എം.അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു. കാദർ, പിടിഎ പ്രസിഡന്റ് എ.എം.സിദ്ദിഖ് റഹ്മാൻ, സലാം മർഫ, അബ്ക്കോ മുഹമ്മദ്, ലുക്ക്മാൻ അഹമ്മദ്, റഷീദ്, ലത്തീഫ് കോട്ട, കെ.പി.അബ്ദുല്ല, ദാവൂദ്, ബിഎ മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.