ഭക്തിസാന്ദ്രമായി കൊയങ്കര പയ്യക്കാൽ ക്ഷേത്രത്തിലെ നാലാം പാട്ടുത്സവം
Mail This Article
തൃക്കരിപ്പൂർ ∙ ചുട്ടു പൊള്ളുന്ന മണൽപ്പരപ്പിലൂടെ വാളും ചിലമ്പും കിലുക്കി അട്ടഹാസവുമായി ദേവനർത്തകർ കായൽത്തീരത്തേക്കു ഓടിയടുത്തു. തടിച്ചു കൂടിയ ഭക്തജനക്കൂട്ടം ആരവം മുഴക്കവേ, തെയ്യങ്ങൾ ചങ്ങാടമേറി കായൽ കടന്നു നർത്തനമാടി. കൊയങ്കര പയ്യക്കാൽ ഭഗവതി നാലാം പാട്ടുത്സവത്തിൽ അനുഷ്ഠാനങ്ങൾ ചന്തം ചാർത്തിയ ’കാവിലെ പാട്ടുത്സവം’ തെയ്യം പാട്ടിലെ പുരാവൃത്ത പ്രകാശനമായി. 6 നാൾ നീളുന്ന പാട്ടുത്സവത്തിൽ നാലാം പാട്ടിനു ഭഗവതിയുടെ ആരൂഢ സ്ഥാനമായി പെരുമയുള്ള ഇടയിലക്കാട് കാവിൽ നടത്തിയ കാവിലെ ഉത്സവത്തിനുള്ള എഴുന്നള്ളത്ത് പയ്യക്കാൽ സന്നിധിയിൽ നിന്നു രാവിലെ പുറപ്പെട്ടു.
പന്തൽ തിരുവായുധം എഴുന്നള്ളിപ്പിനും പൂജാദി കർമങ്ങൾക്കും ശേഷമാണ് ആചാര സ്ഥാനികരും വെളിച്ചപ്പാടുകളും പരിവാര സമേതം വാദ്യമേള ഘോഷത്തോടെ എഴുന്നള്ളിപ്പായത്. പൂജാ പാത്രങ്ങൾ, നർത്തകർക്ക് അണിയാനുള്ള ആടയാഭരണങ്ങൾ, വാൾ, ചുരിക തുടങ്ങിയവ ചെമ്പ് വട്ടളത്തിലാക്കി എഴുന്നള്ളത്തിനൊപ്പം ചേർന്നു. പൂച്ചോൽ പടിഞ്ഞാറെ വയലിൽ കല്ലിൽ മഞ്ഞൾക്കുറിയിട്ട് വെളിച്ചപ്പാടുകൾ ദർശനം കയ്യേറ്റു. പേക്കടം ചവേലക്കൊവ്വലിൽ കുടക്കാരൻമാർക്കും ദർശനം കിട്ടി. തുടർന്നു പയ്യക്കാലുമായി അഭേദ്യ ബന്ധമുള്ള കുറുവാപ്പള്ളി അറ സന്നിധിയിലെത്തി.
കുറുവാപ്പള്ളിയിലെ ആചാര സ്ഥാനികർ ഉപചാരപൂർവം എഴുന്നള്ളത്തിനെ സ്വീകരിച്ചു. പയ്യക്കാൽ ഭഗവതിയുടെ ഛത്രം മതിലിനു പുറത്ത് തിരുനടയിലും ആയിറ്റി ഭഗവതിയുടെ ഛത്രം മതിലിനകത്തേക്കും പ്രവേശിച്ച ശേഷം ആടയാഭരണങ്ങളടങ്ങിയ ചെമ്പുവട്ടളം ആയിറ്റി ഭഗവതിയുടെ സന്നിധിയിൽ വച്ചു. കുറുവാപ്പള്ളിയിലെ ദർശനത്തിനു ശേഷം ആയിറ്റിക്കാവിനെ ലക്ഷ്യം വച്ച് ഗമിക്കാൻ ആയിറ്റി മെട്ടയിൽ ഉറഞ്ഞാടിയ വെളിച്ചപ്പാടുകളെ കൂട്ട്വായിക്കാരും വാല്യക്കാരും ’അയ്യം വള്ളി’ കെട്ടി തടഞ്ഞു. ഇതോടെ ആയിറ്റിക്കടവിനെ ലക്ഷ്യമാക്കി ദേവ നർത്തകർ വാളും ചിലമ്പും കിലുക്കി പാഞ്ഞടുത്തു.
2 വള്ളങ്ങൾ ചേർത്തു കെട്ടിയ ചങ്ങാടത്തിൽ തെയ്യങ്ങളും പരിവാരങ്ങളും കയറിയതോടെ കായലിലും കരയിലും ആരവം ഉയർന്നു. മരക്കലമേറി ദേവി നൂറ്റെട്ടഴി കടന്നെത്തിയതിന്റെ പുനരാവിഷ്ക്കാരമാണ് പള്ളിയോടത്തിലേറിയുള്ള നർത്തകരുടെ ആരൂഢത്തിലേക്കുള്ള സഞ്ചാരം. തുടർന്നു കാവിലെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകളും തെയ്യാട്ടവും നടത്തി. കാവിലെ പാട്ടിനു ശേഷം തിരിച്ചെഴുന്നള്ളത്തു നടത്തി. ആയിറ്റിക്കാവിലെത്തി ദർശനവും ഐതിഹ്യത്തെ ഓർമിപ്പിച്ചുള്ള ചടങ്ങുകളും നടത്തി. തുടർന്നു വഴിനീളെ ഭക്തജനങ്ങൾക്ക് കുറിയും ദർശനവും നൽകി പയ്യക്കാലിൽ എത്തി. അനുഗ്രഹം ചൊരിഞ്ഞു തിരിച്ച് നാലില്ലത്തിനെ വലം വച്ച് ഛത്ര നർത്തനവും കഴിഞ്ഞു ഉപചാരം ചൊല്ലിയതോടെ കീർത്തിയേറിയ നാലാം പാട്ടിലെ ചടങ്ങുകൾ അവസാനിച്ചു.