ADVERTISEMENT

ചട്ടഞ്ചാൽ∙ കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ടാറ്റ ഗ്രൂപ്പ് തെക്കിലിൽ നിർമിച്ചു നൽകിയ ടാറ്റ ട്രസ്റ്റ് ഗവ.ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കുന്നു. അതിതീവ്ര പരിചരണ ആശുപത്രി ഒരു വർഷത്തിനകം 50 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള രീതിയിൽ മാറ്റുന്നതിനായി സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.

ട്രോമ കെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെയുണ്ടാകും. കാസർകോട് ജില്ലാ ആശുപത്രിയുടെ അനുബന്ധമായിരിക്കുന്ന പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ചുമതല ജില്ലാ പഞ്ചായത്തിനായിരിക്കും. ആശുപത്രി കെട്ടിട നിർമാണം തുടങ്ങുന്നതിന്റെ പ്രാഥമിക കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. 3 മാസത്തിനകം പദ്ധതിക്ക് ഭരണാനുമതിയും തുടർന്ന് സാങ്കേതിക അനുമതിയും ലഭ്യമാക്കി ആറുമാസത്തിനകം ആശുപത്രിയുടെ നിർമാണം തുടങ്ങാനാണ് ആലോചിക്കുന്നത്.

ടാറ്റ ആശുപത്രി സ്ഥിതി ചെയ്യുന്ന റവന്യു ഭൂമിയിൽ ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നൽകി സർക്കാർ ഉത്തരവായതിനു തുടർന്നാണു ക്രിട്ടിക്കൽ കെയർ യൂണിറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യുവകുപ്പിൽ നിലനിർത്തിയാണ് ആരോഗ്യവകുപ്പിന് ഭൂമി കൈമാറിയിട്ടുള്ളത്.

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് -ഹെൽത്ത് ഇൻഫ്രാസ്ട്രെക്ചർ മിഷൻ (പിഎംഎബി. - എച്ച്ഐഎം.) പ്രകാരം 23.75 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കുന്നത്. 45,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിട സമുച്ചയമാണ് ഉയരുക. 6 കോടി രൂപയുടെ ഉപകരണങ്ങളും ലഭ്യമാകും.

നിലവിലുള്ള അൻപതോളം കണ്ടെയ്നറുകൾ നീക്കിയാണ് കോൺക്രീറ്റ് കെട്ടിടം നിർമിക്കുന്നത്. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് പദ്ധതിയുടെ വിശദ പദ്ധതിരേഖ തയാറാക്കാനും നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ചുമതലപ്പെടുത്തുന്നത്. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസ്, ടാറ്റ ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്, ഡോ. പ്രസാദ് തോമസ്,എൻഎച്ച്എംഡിപിഎം. ഡോ.കെ.പി.അനിൽകുമാർ കെ.വി.നിതിൻ എന്നിവർ പങ്കെടുത്തു.

English Summary:

Tata Covid Hospital Transforms to 50-Bed Critical Care Initiative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com