ഒരുദിവസം മാത്രം തുറന്ന ബവ്റിജസ് ഔട്ലെറ്റ് പൂട്ടാൻ പറഞ്ഞതാര്? നാട്ടുകാരുടെ ചോദ്യത്തിന് മറുപടിയില്ലാതെ സംഘം മടങ്ങി
Mail This Article
ചെറുവത്തൂർ∙പൂട്ടിയിട്ട ചെറുവത്തൂരിലെ മദ്യ വിൽപന കേന്ദ്രത്തിലെ മദ്യത്തിന്റെ സ്റ്റോക്ക് കണക്കാക്കാൻ എത്തിയ എക്സൈസ് – കൺസ്യൂമർ ഫെഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടഞ്ഞു. ഇതെ തുടർന്ന് കണക്കെടുക്കാൻ കഴിയാതെ ഉദ്യോഗസ്ഥ സംഘം മടങ്ങി. ഇന്നലെ(18) രാവിലെയോടെയാണ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപത്തുള്ള മദ്യ വിൽപനകേന്ദ്രത്തിന് മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ മാസം 22ന് പ്രവർത്തനം തുടങ്ങി അന്ന് രാത്രി തന്നെ അടച്ചിട്ട കൺസ്യുമർ ഫെഡിന്റെ കീഴിലുള്ള മദ്യ വിൽപന കേന്ദ്രത്തിലെ മദ്യത്തിന്റെ സ്റ്റോക്ക് കണക്കാക്കാനാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്.
കാൽ കോടിയോളം രൂപയുടെ മദ്യം ഈ വിൽപന കേന്ദ്രത്തിലേക്ക് കൊണ്ട് വന്നിരുന്നു. ഇതിൽ 9 ലക്ഷത്തോളം രൂപയുടെ കച്ചവടം ആദ്യ ദിവസം തന്നെ നടന്നു. ഉദ്ഘാടന ദിവസം തന്നെ പൂട്ടിയിടേണ്ടി വന്നതിനെ തുടർന്ന് ബാക്കിയുള്ള മദ്യത്തിന്റെ കണക്കെടുത്ത് ഇവ കണ്ണൂർ ജില്ലയിലെ ഔട്‌ലെറ്റിലേക്കു മാറ്റുന്നതിന്റെ മുന്നോടിയായിട്ടാണ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൺസ്യൂമർ ഫെഡ് കാസർകോട് റീജനൽ അസിസ്റ്റന്റ് മാനേജർ പി.വി ശൈലേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥ സംഘം എത്തിയത്.
ഇക്കാര്യം അറിഞ്ഞതോടെ ടൗണിൽ നിന്ന് തൊഴിലാളികൾ അടക്കമുള്ള നാട്ടുകാർ സ്ഥലത്തെത്തി സ്ഥാപനം തുറക്കാൻ അനുവദിച്ചില്ല. സ്റ്റോക്കെടുപ്പിന് വന്നതാണെന്നും അതിന് വേണ്ട സൗകര്യമൊരുക്കണമെന്നും ശൈലേഷ് ബാബു പറഞ്ഞപ്പോൾ ഒറ്റ ദിവസം മാത്രം പ്രവർത്തിച്ച സ്ഥാപനം പൂട്ടാൻ നിർദേശിച്ചത് ആരെന്ന് വ്യക്തമാക്കണം എന്നായി നാട്ടുകാരുടെ ചോദ്യം അതിന് മറുപടി പറയാൻ ഉദ്യോഗസ്ഥ സംഘത്തിന് കഴിഞ്ഞില്ല. ഒടുവിൽ ദൗത്യം പൂർത്തിയാക്കാതെ സംഘത്തിന് മടങ്ങേണ്ടി വന്നു. അതെ സമയം മദ്യ വിൽപന കേന്ദ്രം പൂട്ടിയ വിഷയം ചെറുവത്തൂരിലും സമീപ പ്രദേശങ്ങളിലും വീണ്ടും സജീവ ചർച്ചയായി മാറുകയാണ്.