ADVERTISEMENT

ചെറുവത്തൂർ ∙ രാത്രി 9 കഴിഞ്ഞാൽ ചെറുവത്തൂർ ഉറക്കത്തിലേക്ക്. ബസ് സ്റ്റാൻഡിലേക്കുള്ള രാത്രിയിലെ അവസാന ബസ് എത്തുന്നത് 8.30ന്. പിന്നീട് ബസ് കയറണമെങ്കിൽ ദേശീയപാത തന്നെ ആശ്രയം. അനുദിനം വളരുന്ന ചെറുവത്തൂർ നഗരത്തിന്റെ അവസ്ഥയാണിത്. ഇതാവട്ടെ ചെറുവത്തൂരിലെ വ്യാപാര സമൂഹത്തിന് ഉണ്ടാക്കുന്ന പ്രയാസം ചെറുതല്ല.

ചെറുവത്തൂർ ബസ് സ്റ്റാൻഡിനു സമീപത്തെ ഷീ ലോഡ്ജ്. ഉദ്ഘാടനത്തിനുശേഷം ഇന്നുവരെ സ്ത്രീകളാരും ഇവിടെ താമസിച്ചിട്ടില്ല.
ചെറുവത്തൂർ ബസ് സ്റ്റാൻഡിനു സമീപത്തെ ഷീ ലോഡ്ജ്. ഉദ്ഘാടനത്തിനുശേഷം ഇന്നുവരെ സ്ത്രീകളാരും ഇവിടെ താമസിച്ചിട്ടില്ല.

ഉറപ്പാക്കണം, ബസുകൾസ്റ്റാൻഡിലേക്ക് കയറുന്നത്
രാത്രി 8.30 കഴിഞ്ഞാൽ ചെറുവത്തൂർ ബസ് സ്റ്റാൻഡിലേക്കു ബസുകൾ കയറില്ല. പ്രാദേശികമായി സർവീസ് നടത്തുന്ന ബസുകൾ മാത്രമാണ് ഇവിടേക്കു കയറുക. പയ്യന്നൂർ, കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്കു പോകുന്ന ദീർഘദൂര ബസുകൾ രാത്രിയായാൽ ഇവിടേക്കു കയറില്ല. ദേശീയപാതയിലൂടെ കുതിച്ചുപായുന്ന ബസുകളെ നോക്കി നിൽക്കേണ്ട അവസ്ഥയാണു ചെറുവത്തൂരിലെത്തുന്ന യാത്രകാർക്ക്.

ബസ് സ്റ്റാൻഡിലേക്ക് അവസാനമായി കയറുന്ന ബസ് ചീമേനി–പള്ളിപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ്. ഇതു കഴിഞ്ഞാൽ യാത്ര ചെയ്യാനെത്തുന്നവർ ദേശീയപാതയിലേക്കു പോകണം. അവിടെ മാത്രമേ ബസുകൾ നിർത്തുകയുള്ളു. അവസാന ബസ് പുറപ്പെടുന്നതിനു മുൻപേ സ്റ്റാൻഡിനകത്തു പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾ അടയ്ക്കും. അതോടെ സ്റ്റാൻഡ് ഇരുട്ടിലേക്കു നീങ്ങും.

പിന്നീട് ഇവിടെ തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. ജില്ലയിലെ ആദ്യത്തെ ഹൈടെക് ബസ് സ്റ്റാൻഡ് എന്നു വിശേഷിപ്പിക്കുന്ന ചെറുവത്തൂർ ബസ് സ്റ്റാൻഡിന്റെ അവസ്ഥയാണിത്. അതുകൊണ്ടുതന്നെ രാത്രികാല ബസുകൾ ചെറുവത്തൂർ സ്റ്റാൻഡിൽ പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകണം. അങ്ങനെ വന്നാൽ സ്റ്റാൻഡിലെ കടകമ്പോളങ്ങൾ സജീവമാകും.

ഇരുട്ടിൽ നിൽക്കുന്ന റെയിൽവേ സ്റ്റേഷൻ റോഡ്
ചെറുവത്തൂരിനെ സംബന്ധിച്ചിടത്തോളം ബസ് സ്റ്റാൻഡ് കഴിഞ്ഞാൽ മറ്റൊരു പ്രധാന കേന്ദ്രം റെയിൽവേ സ്റ്റേഷനാണ്. ടൗണിൽനിന്ന് അര കിലോമീറ്ററോളം ദൂരെയുള്ള റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ, വേണ്ടത്ര വെളിച്ചമില്ലാത്തതും പ്രയാസത്തിനു കാരണമാണ്. ഇവിടെ വെളിച്ചമൊരുക്കണമെന്ന ആവശ്യത്തിനേറെ പഴക്കമുണ്ട്.

സ്ത്രീകൾ കയറാത്ത ഷീ ലോഡ്ജ്
ജില്ലയിൽ ബസ് സ്റ്റാൻഡിനോടു ചേർന്നു സ്ത്രീകൾക്കു താമസസൗകര്യമൊരുക്കി ഷീ ലോഡ്ജ് പ്രവർത്തിക്കുന്ന ടൗണാണു ചെറുവത്തൂർ. എന്നാൽ ഇതു സ്ഥാപിച്ചു വർഷം മൂന്നു പിന്നിട്ടിടും ഇവിടെ സ്ത്രീകളാരും താമസിച്ചിട്ടില്ലെന്നാണു വസ്തുത. കാരണം മറ്റൊന്നുമല്ല, രാത്രി 9 കഴിഞ്ഞാൽ ഉറങ്ങുന്ന ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ആരും കടന്നു വരില്ല. രാത്രിയിൽ, ബസ് സ്റ്റാൻഡിനകത്തേക്കു ബസുകൾ പ്രവേശിച്ചാൽ ഷീ ലോഡ്ജും ഏവർക്കും ഗുണകരമാകുന്ന രീതിയിൽ ഉപയോഗിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com