മഴയിൽ നിലംപറ്റി നെൽക്കതിരുകൾ; കൊയ്ത്തിന് ആളില്ല, ഏക്കർ കണക്കിന് കൃഷി നശിക്കുന്നു
Mail This Article
തൃക്കരിപ്പൂർ∙ കാലം തെറ്റി തകർത്തുപെയ്ത മഴയിൽ ഒടിഞ്ഞുവീണ നെൽക്കതിരുകൾ പൊട്ടിമുളയ്ക്കുന്നു. മഴനാശവും തൊഴിലാളികളില്ലാത്തതും മൂലം ഏക്കർ കണക്കിനു നെൽക്കൃഷി നാശത്തിലാണ്. പടന്ന പഞ്ചായത്തിലെ ഉദിനൂർ വില്ലേജിൽ വൻതോതിലാണ് കൃഷി നാശം നേരിടുന്നത്. കൊളവയൽ, കോരംകുളം, തെക്കുപുറം തുടങ്ങിയ പാടശേഖരങ്ങളിൽ കൊയ്തെടുക്കാൻ സമയം പിന്നിട്ട ഏക്കർ കണക്കിനു പാടങ്ങളിലെ കൃഷി നിലംപറ്റി വീണുകിടക്കുന്നു.വീണ നെൽക്കതിരുകൾ വെള്ളത്തിൽ തന്നെ പൊട്ടിമുളയ്ക്കുന്ന സാഹചര്യമാണ്. കൊയ്യാൻ തൊഴിലാളികളെ കിട്ടുന്നുമില്ല.
മുൻപ് കൊയ്ത്തിനിറങ്ങിയിരുന്ന തൊഴിലാളികൾ ഇപ്പോൾ തൊഴിലുറപ്പ് തൊഴിലിലാണ്. കൊയ്ത്ത് കാലത്ത് തൊഴിലുറപ്പ് താൽക്കാലികമായി നിർത്തി വയ്ക്കുകയോ അല്ലെങ്കിൽ കൊയ്ത്ത് തൊഴിലുറപ്പിൽ ഉൾപ്പെടുത്തുകയോ വേണമെന്നു നേരത്തെ തന്നെ കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും രണ്ടും പരിഗണിച്ചില്ല. പൊതുവേ നെൽക്കൃഷി ലാഭകരമല്ല. മിക്കവർക്കും നഷ്ടവുമാണ്. നാശവും നഷ്ടവും സഹിച്ചും കർഷകർ കൃഷി നടത്തുമ്പോൾ അധികൃതരിൽ നിന്ന് സഹായം ലഭ്യമല്ലെന്നും അവഗണനയാണെന്നും കർഷകർ പറയുന്നു. കാലം തെറ്റിയ മഴയിൽ കൊളവയൽ പാടശേഖരത്തിൽ ഉൾപ്പെടെ നാട്ടിക്കൃഷിയും വെള്ളത്തിലാണ്. മഴവെള്ളം കെട്ടിനിൽപ്പുണ്ട്. കൃഷി നടത്തിപ്പിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനു സർക്കാർ അടിയന്തര സംവിധാനം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.