ചെറുപുഴ - കോളിച്ചാൽ റൂട്ടിൽ ബസ് സർവീസിന് അനുമതിയില്ല
Mail This Article
വെള്ളരിക്കുണ്ട്∙ മലയോരത്തിന്റെ സമഗ്ര വികസനം ലക്ഷ്യംവച്ച് മലയോര സിരാകേന്ദ്രങ്ങളെ കോർത്തിണക്കി നിർമാണം ഏറെക്കുറെ പൂർത്തിയായ മലയോര ഹൈവേ സാങ്കേതികത്വത്തിൽ കുടുങ്ങി നാടിന്റെ യാത്രാ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുന്നതായി പരാതി. ചെറുപുഴ - കോളിച്ചാൽ റീച്ചിലെ ചുള്ളി മുതൽ മരുതോം തട്ട് വരെ ഒരു കിലോമീറ്ററോളം വരുന്ന വനമേഖലയിലൂടെ കടന്നുപോകുന്ന ഭാഗമാണ് സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ കിടക്കുന്നത്.
ഇതുവഴി ബസ് സർവീസ് നടത്താൻ പറ്റാത്തതിനാൽ ജനങ്ങൾക്ക് ദുരിതമേറെയാണ്. മാലോത്തുനിന്ന് 13 കിലോമീറ്റർ അകലെ പാണത്തൂർ - കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ കോളിച്ചാലിലെത്താൻ 50 കിലോമീറ്ററിലധികം ചുറ്റിത്തിരിഞ്ഞ് പൊതുഗതാഗതത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനം. സ്വകാര്യ വാഹനങ്ങളും ശബരിമല തീർഥാടകരുടേതടക്കമുള്ള ടാക്സി വാഹനങ്ങളും യഥേഷ്ടം കടന്നുപോകുന്ന ചെറുപുഴ - കോളിച്ചാൽ റൂട്ടിൽ സർവീസ് നടത്തുന്നതിന് സ്വകാര്യ ബസുകൾ തയാറാണെങ്കിലും റോഡിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പൂർണമായി ലഭിക്കാത്തത് പെർമിറ്റ് ലഭിക്കുന്നതിന് തടസമാവുകയാണെന്ന് ബസുടമകൾ പറയുന്നു.
താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന പൂടംകല്ല്, ജില്ലാ ആസ്ഥാനമായ കാസർകോട്, കർണാടകയിലെ സുള്ള്യ, മൈസൂരു, ബെംഗളൂരു തുടങ്ങിയ നിരവധി പ്രദേശങ്ങളിലേക്ക് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ നിന്നും ചുരുങ്ങിയ ദൂരത്തിലും സമയത്തിലും എത്തിച്ചേരാൻ സാധിക്കുന്ന ചെറുപുഴ - മാലോം - കോളിച്ചാൽ റൂട്ടിൽ ബസ് സർവീസ് നടത്തുന്നതിന് നിലവിലുള്ള സാങ്കേതികതടസ്സം മാറ്റാൻ ജനപ്രതിനിധികളും കലക്ടറും അടിയന്തരമായി ഇടപെടണമെന്ന് ഉത്തര മലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.