ADVERTISEMENT

പെർള∙എൻമകജെ പഞ്ചായത്തിലേക്കും ഉക്കിനടുക്ക മെഡിക്കൽ കോളജിലേക്കും വിതരണം ചെയ്യുന്ന ജലസംഭരണി നിറഞ്ഞു കവിഞ്ഞിട്ടും കാര്യക്ഷമമായ ജലവിതരണ സംവിധാനമില്ലാത്തത് ജലവിതരണത്തെ ബാധിക്കുന്നു. ജലജീവൻ മിഷൻ പദ്ധതി തുടങ്ങിയതോടെ ഗ്രാമങ്ങളിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുന്നത് ഇവിടെ നിന്നാണ്. ജലസംഭരണിയുടെ ശേഷി കുറഞ്ഞതും മതിയായ ജീവനക്കാരില്ലാത്തതും വോൾട്ടേജ് ക്ഷാമവും ജലവിതരണത്തെ ബാധിക്കുന്നു. ജലജീവൻ പദ്ധതിയിൽ ഇതുവരെ 5246 കണക്‌ഷനാണു നൽകിയത്. 4000 പഴയ കണക്‌ഷനുമുണ്ട്. മെഡിക്കൽ കോളജിലേക്കും ഇവിടെ നിന്നാണ് ജലവിതരണം.

അഡ്ക്കസ്ഥല പുഴയിലെ പമ്പ് ഹൗസിൽ നിന്നാണ് എൻമകജെ പഞ്ചായത്തിലെ എൻമകജെ, ഷേണി പഡ്രെ വില്ലേജുകളിലേക്ക് ജലവിതരണം ചെയ്യുന്നത്. തടയണ നിർമിച്ച് പുഴയിലെ വെള്ളം 3 കിലോമീറ്റർ വിസ്തൃതിയിൽ സംഭരിച്ചാണ് ജലവിതരണം. ഇവിടെ നിന്നുള്ള വെള്ളം ഗോളിത്തടുക്കയിൽ ശുദ്ധീകരിച്ചാണ് സമീപത്തുള്ള 2 ലക്ഷം ലീറ്ററിന്റെയും പെർള ടൗണിലെ 7 ലക്ഷം ലീറ്ററിന്റെയും സംഭരണിയിലെത്തിച്ചു വിതരണം ചെയ്യുന്നത്. ഇതിനു 6 മണിക്കൂർ വീതം പമ്പിങ് നടത്തണം. മെഡിക്കൽ കോളജിലെ ജലസംഭരണിയിലേക്ക് 5 ലക്ഷം ലീറ്റർ ഇവിടെ നിന്നും 2 ദിവസങ്ങളിലൊരിക്കൽ ജലവിതരണം നടത്തുന്നു. ലൈനുകളിൽ 2 ദിവസത്തിലൊരിക്കൽ വിതരണം ചെയ്യുന്നിനു ദിവസം 16 മണിക്കൂർ ജലവിതരണം നടത്തണം. വൈദ്യുതി നിലച്ചാൽ  പമ്പ് ചെയ്യുന്നതിനു ജനറേറ്ററില്ല. പമ്പ് ഹൗസിലേക്ക് പ്രത്യേക ട്രാൻസ്ഫോമറുമില്ല. കാർഷിക മേഖലയായ ഈ പ്രദേശത്ത് കാർഷിക, ഗാർഹിക ആവശ്യങ്ങൾക്ക് ഇതേ ട്രാൻസ്ഫോമറിൽ നിന്നാണ് വൈദ്യുതി കണക്‌ഷനെടുത്തിട്ടുള്ളത്. 

ഇതോടെ വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്. 5 മിനിറ്റ് വൈദ്യുതി നിലച്ചാലും പമ്പിങ്ങിനെ ബാധിക്കുന്നു.16 മണിക്കൂർ പമ്പ് ചെയ്താണ് സംഭരണി നിറയ്ക്കുന്നത്. പമ്പ് ഹൗസിൽ നിന്നു ജലസംഭരണിയിലേക്ക് ജലവിതരണം ചെയ്യുന്നത് രണ്ട് ഷിഫ്റ്റുകളിലായാണ്. രാവിലെ 6 മുതൽ 2 മണിവരെയും 2 മുതൽ 10 മണി വരെയുമാണ് 2 ഓപ്പറേറ്ററും 1 സഹായിയും വീതം ജോലി ചെയ്യുന്നത്. 10 മണി മുതൽ രാവിലെ 6 മണിവരെ ഒരു ഓപറേറ്ററേയും സഹായിയെയും നിയമിച്ചാൽ സമയബന്ധിതമായി ജലവിതരണം നടത്താനാവും. അതിനുള്ള ശ്രമവും നടക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com