ADVERTISEMENT

തൃക്കരിപ്പൂർ∙ തൃക്കരിപ്പൂരിലെ ഹരിതകർമ സേനാ അംഗങ്ങൾ പേര് നൂറു ശതമാനം പ്രവൃത്തിയിലും അന്വർഥമാക്കുകയാണ്. നാടിനെ വൃത്തിയാക്കാൻ മാത്രമല്ല, കർഷകരുടെ വിളി കേട്ടാൽ വയലിലേക്ക് കൊയ്ത്തിനിരങ്ങാനും റെഡിയെന്നു വയലിറമ്പിൽ നെൽക്കറ്റകൾ അടുക്കി വച്ച് അംഗങ്ങൾ. കാലം തെറ്റിയെത്തിയ മഴയിൽ ഈ മേഖലയിലെ നെൽക്കൃഷി വൻനാശം നേരിട്ടു. വെള്ളക്കെട്ടിൽ മുങ്ങിയമർന്ന കതിരുകൾ പാടത്തു തന്നെ പൊട്ടിമുളയ്ക്കുന്ന സാഹചര്യമായി. ശേഷിച്ച കൃഷി കൊയ്തെടുക്കാനാകട്ടെ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയും. തൃക്കരിപ്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട എടാട്ടുമ്മലിലെ കർഷക എം.ദിവ്യ സങ്കടം ഹരിതകർമ സേനാ അംഗങ്ങളോടു പങ്കിട്ടതോടെ അംഗങ്ങൾ ആവേശത്തിലായി ’സങ്കടം വേണ്ട.

ഞങ്ങൾ ശരിയാക്കിത്തരാം’ എന്ന് ഉറപ്പും നൽകി. 42 സേനാംഗങ്ങളുണ്ട്. കൊയ്ത്തരിവാളുമായി എല്ലാവരും പാടത്തിറങ്ങി. പാടശേഖര സമിതി ഭാരവാഹികളും ജനപ്രതിനിധികളും പ്രോത്സാഹനവുമായി ഒപ്പം കൂടി. എളുപ്പത്തിൽ കതിരുകൾ കറ്റകളായി. കൊടും വെയിലിലെ പൊള്ളുന്ന ചൂടിലും ക്ഷീണമറിയാതെ പാട്ടുപാടിയും കഥകൾ പങ്കിട്ടും അവർ കൊയ്തെടുത്തു. കൊയ്ത്ത് കൂട്ടായ്മയുടെ കഥയറിഞ്ഞ് നാടാകെ ആഹ്ലാദത്തിലായി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സീത ഗണേശൻ അധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, പഞ്ചായത്ത് അംഗങ്ങളായ എം.രജീഷ് ബാബു, ഇ.ശശിധരൻ, ഫായിസ് ബീരിച്ചേരി, പാടശേഖര സമിതി പ്രസിഡന്റ് ടി.അജിത, നവകേരളം പദ്ധതി ആർപി പി.വി.ദേവരാജൻ, ആസൂത്രണ സമിതി അംഗം കെ.വി.മുകുന്ദൻ, സിഡിഎസ് ചെയർപഴ്സൻ എം.മാലതി, എഡിഎസ് സെക്രട്ടറി കെ.വി.രമ്യ, വിഇഒ എസ്.കെ.പ്രസൂൺ, ഹരിതകർമ സേന കൺസോർഷ്യം പ്രസിഡന്റ് വി.വി.രാജശ്രീ, സെക്രട്ടറി കെ.ഷീന, കെ.വി.ഗണേശൻ, കെ.വി.ശശി, വി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com