ഒഴുകുന്നു, വ്യാജമദ്യം: കൊട്ടോടി ടൗണിൽ വ്യാജമദ്യ വിൽപന തകൃതി; നടപടിയെടുക്കാതെ അധികൃതർ
Mail This Article
രാജപുരം∙കൊട്ടോടി ടൗണിൽ വ്യാജ മദ്യ വിൽപന സജീവമായിട്ടും പൊലീസ്, എക്സൈസ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. മദ്യവിൽപന സംബന്ധിച്ച് പൊലീസിന് വിവരങ്ങൾ നൽകിയാലും കാര്യമായ പരിശോധന ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ബന്തടുക്ക, പെർളടുക്ക, കാഞ്ഞങ്ങാട് ബവ്‍റിജസ് ഔട്‌ലെറ്റുകളിൽ നിന്നും ബസിലും ഓട്ടോറിക്ഷകളിലുമാണു മദ്യം പ്രദേശത്ത് എത്തിക്കുന്നത്.
വാഹനങ്ങളിൽ എത്തിക്കുന്ന മദ്യം ഇരട്ടി വിലയ്ക്കാണ് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്. കൊട്ടോടി പുഴയിലെ പാലം കേന്ദ്രീകരിച്ചാണ് ടൗണിലെ വിൽപന. ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന രീതിയും ഉണ്ട്. ടൗണിന് സമീപ പ്രദേശമായ ഗ്രാഡിപ്പള്ളയിലും മദ്യം സുലഭമാണെന്ന് വാങ്ങുന്നവർ തന്നെ പറയുന്നു. കൊട്ടോടി ഭാഗങ്ങളിൽ വാഹന പരിശോധനയും ഉണ്ടാകാറില്ല. ടൗണിൽ സ്ഥിരമായി വൈകുന്നേരങ്ങളിൽ പൊലീസ് പട്രോളിങ് വേണമെന്നും ആവശ്യമുയരുന്നുണ്ട്.