മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ തിളങ്ങി കരിന്തളത്തെ ദമ്പതിമാർ
Mail This Article
കരിന്തളം∙ ഹൈദരാബാദിൽ നടത്തിയ അഞ്ചാമത് ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ തിളങ്ങി കരിന്തളത്തെ ദമ്പതിമാരായ പി.വി.ബിജുവും ഭാര്യ ടി.ശ്രുതിയും. ബിജു 4 X 400 റിലെയിൽ വെള്ളി മെഡലും 10,000 മീറ്റർ ഓട്ടത്തിൽ അഞ്ചാം സ്ഥാനവും 5000 മീറ്റർ ഓട്ടത്തിൽ ആറാം സ്ഥാനവും നേടിയപ്പോൾ ഭാര്യ ശ്രുതി 5000 മീറ്റർ നടത്തത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയാണ് താരങ്ങളായത്.
എറണാകുളത്ത് നടന്ന സംസ്ഥാന മീറ്റിൽ പങ്കെടുത്ത നാല് ഇനങ്ങളിലും ബിജു സ്വർണ മെഡലും ഭാര്യ ശ്രുതി വിവിധയിനങ്ങളിലായി ഒന്നും രണ്ടും സ്ഥാനങ്ങളും നേടിയിരുന്നു. കൂടാതെ സംസ്ഥാന–ജില്ലാ തലത്തിലുള്ള വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.
ബിജു ഏഴിമല നേവൽ അക്കാദമി എൻജിനീയറിങ് സർവീസ് ഉദ്യോഗസ്ഥനും ശ്രുതി കുമ്പളപ്പള്ളി എസ്കെജിഎംഎ യുപി സ്കൂൾ പ്രീ പ്രൈമറി അധ്യാപികയുമാണ്.