കശുമാവിൻതോട്ടം എടുക്കാനാളില്ല; പുനർലേലത്തിനു ശുപാർശ
Mail This Article
രാജപുരം ∙ ജില്ലയിൽ പ്ലാന്റേഷൻ കോർപറേഷന്റെ കാസർകോട്, രാജപുരം, ചീമേനി എസ്റ്റേറ്റുകളിലെ കശുമാവിൻ തോട്ടങ്ങളിൽ കശുവണ്ടി ശേഖരിക്കാൻ സ്വകാര്യ വ്യക്തികൾക്കു നൽകുന്ന ലേലം എടുക്കാൻ ആളില്ലാത്തതിനാൽ ഭൂരിഭാഗം ബ്ലോക്കുകളും പുനർലേലത്തിന് ശുപാർശ ചെയ്തു. 24 ബ്ലോക്കുകൾ ഉൾക്കൊള്ളുന്ന കാസർകോട് എസ്റ്റേറ്റിൽ 9 ബ്ലോക്കുകൾ മാത്രമാണു ലേലത്തിൽ പോയത്.കാസർകോട് ബ്ലോക്കിൽ കശുവണ്ടി വിളവെടുപ്പിനു സമയമായതിനാൽ പുനർലേലം നടത്താനുള്ള സമയം സഭിക്കാത്തതിനാൽ തൊഴിലാളികളെ വച്ചു കശുവണ്ടി ശേഖരിക്കും.
രാജപുരം എസ്റ്റേറ്റിലെ 19 ബ്ലോക്കുകളിൽ നടന്ന ലേലത്തിൽ ആകെ ലേലം പോയതു കമ്മാടി ഡിവിഷനിലെ കാട്ടിമല, പൈനിക്കര ഡിവിഷനിലെ കാഞ്ഞിരത്തടി ബ്ലോക്കുകൾ മാത്രമാണ്. ഇതിൽ കാട്ടിമല 60200 രൂപയ്ക്കും പൈനിക്കരയിൽ 1,30,000 രൂപയ്ക്കുമാണു ലേലം പോയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ലേലത്തുകയിലും കുറവു വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം കമ്മാടി ഡിവിഷനിലെ ഗ്രാഫ്റ്റ് ഏരിയ 2000, കാട്ടിമല, പൈനിക്കര ഡിവിഷനിലെ മുണ്ടോട്ട്, കോഴിമുള്ള് എന്നിവിടങ്ങളിൽ മാത്രമാണു ലേലം നടന്നത്.ബാക്കി 16 ബ്ലോക്കുകളിലും പ്ലാന്റേഷൻ തൊഴിലാളികൾക്കൊപ്പം പുറത്തുനിന്നു തൊഴിലാളികളെ വച്ചു കോർപറേഷൻ തന്നെ കശുവണ്ടി ശേഖരിക്കുകയായിരുന്നു.
രാജപുരം എസ്റ്റേറ്റിൽ ലേലം പൂർണ വിജയം അല്ലാത്തതിനാൽ ബാക്കിയുള്ള ബ്ലോക്കുകൾ ഒരു തവണ കൂടി ലേലത്തിനു വയ്ക്കും. ഇതിലും ബ്ലോക്കുകൾ പൂർണമായി ലേലത്തിൽ പോയില്ലെങ്കിൽ പ്ലാന്റേഷൻ കോർപറേഷൻ തന്നെ തൊഴിലാളികളെ വച്ച് കശുവണ്ടി ശേഖരിക്കാനാണ് തീരുമാനം.ചീമേനി പ്ലാന്റേഷൻ കോർപറേഷനു കീഴിൽ ഇന്നലെ നടന്ന ലേല തുക കഴിഞ്ഞ തവണത്തെക്കാൾ പകുതി ആയതിനാൽ 3 എസ്റ്റേറ്റുകളിലെ ലേലം ഒഴിവാക്കി പുനർ ലേലത്തിനു ശുപാർശ ചെയ്തു.ചിമേനി എസ്റ്റേറ്റിനു കീഴിലുള്ള ചളുവക്കോട്, അരിയിട്ട പാറ, മുത്തണം പാറ - 1, മുത്തണം പാറ - 2, നിടുംബ, പിലാന്തോളി എന്നീ ബ്ലോക്കുകളിലെ ലേലമാണ് ഇന്നലെ നടത്താൻ തീരുമാനിച്ചത്.
6236 ഓളം കശുമാവിൻ മരങ്ങളുള്ള ചള്ളുവക്കോട് തോട്ടത്തിലെ ലേലം 12,40,000 രൂപയ്ക്കു നടന്നു. കഴിഞ്ഞ തവണത്തെ ലേല തുകയേക്കാൾ കുറവാണിത്.നഴ്സറി നടത്തുന്ന അരിയിട്ട പാറ തോട്ടത്തിലെ 126 മരങ്ങൾ 60,000 രൂപയ്ക്കാണു ലേലം കൊണ്ടത്. അതേസമയം കഴിഞ്ഞ തവണത്തെക്കാൾ പകുതി വില മാത്രം ലേലത്തുകയായി വന്ന നിടുമ്പ, പിലാന്തോളി, മുത്തണം പാറ - 1, മുത്തണം പാറ - 2 എന്നീ തോട്ടങ്ങളിലെ ലേലം ഒഴിവാക്കി. ലേലം പിന്നീടു നടത്താൻ അധികൃതർ കോർപറേഷനോടു ശുപാർശ ചെയ്തു.