ഒന്നിനു പിറകെ ഒന്നായി ബസ് കേടായി; യാത്രക്കാർക്ക് രാത്രി നടുറോഡിൽ കെഎസ്ആർടിസി വക ഉഗ്രൻ ‘പണി’
Mail This Article
കാസർകോട് ∙ ടയറിന്റെ കാറ്റു പോയി, ക്ലച്ച് കേടായി സർവീസ് മുടങ്ങി കെഎസ്ആർടിസി ബസുകൾ. യാത്രക്കാർ വഴിയിൽ കുടുങ്ങിയത് 3 മണിക്കൂറോളം. കർണാടകയിലെ പുത്തൂരിൽ നിന്നു വ്യാഴാഴ്ച രാത്രി കാസർകോട്ടേക്ക് പുറപ്പെട്ട 2 ബസുകൾ ആണ് യാത്രക്കാരുമായി പാതിവഴിയിൽ മണിക്കൂറുകളോളം കുടുങ്ങിയത്. ധർമസ്ഥല ക്ഷേത്രത്തിലും മറ്റുമായി പോയി മടങ്ങിയ സ്ത്രീകളും കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ ഉണ്ടായിരുന്നു ഇതിൽ.രാത്രി 7.15 ന് പുത്തൂരിൽ നിന്നു പുറപ്പെട്ട് 8.45 ന് കാസർകോട് എത്തേണ്ട ബസ് 8ന് ബദിയടുക്ക കാടമന എത്തിയപ്പോൾ ടയറിന്റെ കാറ്റ് പോയി.
ടയർ മാറ്റിയിടാൻ ആവശ്യമായ സാമഗ്രികളും സ്റ്റെപ്പിനി ടയറും ഇല്ല. കാസർകോട് എത്തി ട്രെയിൻ പിടിക്കേണ്ട യാത്രക്കാർ ഉൾപ്പെടെ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി. പലരും ടാക്സി പിടിച്ചും മറ്റും സ്ഥലം വിട്ടു. ബാക്കിയായ യാത്രക്കാർ അടുത്ത ബസ് വരുന്നതു വരെ കാത്തു നിന്നു. പുത്തൂരിൽ നിന്ന് 7.30ന് പുറപ്പെട്ട് 9.30ന് കാസർകോട് എത്തേണ്ട അവസാന സർവീസ് ആയിരുന്നു പിന്നെ വരാനുണ്ടായിരുന്നത്. ഇതിനിടെ പെരുവഴിയിൽ ആയ യാത്രക്കാരിൽ ഒരാൾ ക്ഷുഭിതനായി ആദ്യ ബസിന്റെ ഇൻഡിക്കേറ്റർ തകർത്തു.
അടുത്ത ബസ് എത്തിയപ്പോൾ പൊലീസ് ഈ യാത്രക്കാരനെയും കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞു. യാത്രക്കാരുമായി പൊലീസ് സ്റ്റേഷനിൽ നിന്നു മടങ്ങി ബദിയടുക്ക ബസ് സ്റ്റാൻഡ് പിന്നിട്ടപ്പോൾ ബസ് മുന്നോട്ടു നീങ്ങുന്നില്ല. ഇതിന്റെ ക്ലച്ച് കേട് എന്നായി ഡ്രൈവർ. ഈ ബസ് കൂടി ഓട്ടം മുടങ്ങിയപ്പോൾ 2 ബസിലെയും യാത്രക്കാർ ആണ് രാത്രി വഴിയിൽ കുടുങ്ങിയത്. പിന്നീട് കാസർകോട് ഡിപ്പോയിൽ നിന്ന് ബസ് എത്തിയാണ് യാത്രക്കാരുമായി കാസർകോട്ടേക്ക് നീങ്ങിയത്. കാസർകോട് എത്തിയത് രാത്രി 11 കഴിഞ്ഞ്. രാത്രി പെരുവഴിയിലായ യാത്രക്കാർ ഏറെ ക്ലേശം അനുഭവിക്കേണ്ടി വന്നു രാത്രിയും പകലും എന്ന പോലെ ഇങ്ങനെ കെഎസ്ആർടിസി ബസുകൾ കേടാകുന്നത് പതിവായിട്ടുണ്ട്.