മോഷ്ടിച്ച ബുള്ളറ്റിൽ ഹെൽമറ്റ് ധരിക്കാതെ കള്ളന്റെ ‘റൈഡ്’; പിഴ അടയ്ക്കാൻ ഉടമയ്ക്ക് നോട്ടിസ്
Mail This Article
പള്ളിക്കര∙ മോഷ്ടിച്ച ബുള്ളറ്റിൽ ഹെൽമറ്റ് ധരിക്കാതെയുള്ള കള്ളന്റെ ‘റൈഡിന്’ പിഴ അടയ്ക്കാൻ നോട്ടിസ് ലഭിച്ചത് ഉടമയ്ക്ക്. രണ്ടരമാസം മുൻപ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയ ബുള്ളറ്റിന്റെ ഉടമയും പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റുമായ എം.കുമാരനാണ് 1,000 രൂപ പിഴയടക്കാനുള്ള നോട്ടിസ് ലഭിച്ചത്. മോഷ്ടിച്ച ബുള്ളറ്റുമായി പൊലീസ് കർണാടകയിലെ ഷിമോഗയിൽ വച്ച് പ്രതികളെ അറസ്റ്റു ചെയ്ത് രണ്ടരമാസത്തിനു ശേഷമാണ് ഉടമയ്ക്ക് പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടിസ് ലഭിച്ചത്.
കഴിഞ്ഞ ഡിസംബർ 29നാണ് പള്ളിക്കര പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിർത്തിയിട്ട ബുള്ളറ്റ് മോഷണം പോയത്. ഹെൽമറ്റില്ലാതെ രണ്ടുപേർ ബുള്ളറ്റോടിച്ചുപോകുന്നത് കളനാട് സ്ഥാപിച്ച റോഡ് ക്യാമറയിൽ പതിഞ്ഞതോടെയാണ് 1000 രൂപ പിഴയടയ്ക്കാൻ മോട്ടർ വാഹനവകുപ്പ് കുമാരന് നോട്ടിസ് അയച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ബേക്കൽ പൊലീസ് ബുള്ളറ്റുമായി പ്രതികളെ കുടുക്കുകയും ചെയ്തു.
ബേക്കൽ ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ചുള്ള അമ്യൂസ്മെന്റ് പാർക്കിൽ ജോലിക്കെത്തിയ സ്വദേശികളായ പുനിത്(28), സുഹൃത്തായ 16വയസ്സുകാരൻ എന്നിവരായിരുന്നു പ്രതികൾ. നിയമനടപടികളെല്ലാം പൂർത്തീകരിച്ച് ഒരുമാസം മുൻപാണ് കുമാരന് കോടതിയിൽ നിന്ന് ബുള്ളറ്റ് വിട്ടുകിട്ടിയത്. വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കും നല്ല തുക ചെലവായതിനു പുറമേയാണ് മോഷ്ടാവിന്റെ വക ‘ഇരുട്ടടി’യും ലഭിച്ചത്. മോഷ്ടാവ് ബുള്ളറ്റുമായി പോയ വഴികളിലെ ക്യാമറകളിൽ നിന്ന് ഇനിയും ‘പണി’ വരുമോയെന്ന ആധിയിലാണ് ഉടമ.