നഷ്ടക്കണക്കിൽ കശുവണ്ടിക്കൃഷി; സംഭരണം വൈകുന്നു; വിളവുള്ള സമയത്തെ വിലയിടിവിൽ വലഞ്ഞ‌് കർഷകർ
Mail This Article
ബോവിക്കാനം∙ സീസൺ തുടങ്ങിയിട്ടും കശുവണ്ടി സംഭരണം വൈകുന്നു; വിലയിടിവിൽ വലഞ്ഞ‌് കർഷകർ. സീസണിന്റെ തുടക്കത്തിൽ കിലോയ്ക്കു 100 രൂപ വിലയുണ്ടായിരുന്നെങ്കിലും അതു കുറഞ്ഞ് 95 രൂപയിലെത്തി. കഴിഞ്ഞ വർഷം കിലോയ്ക്കു 114 രൂപ തോതിലാണ് സഹകരണ സംഘങ്ങൾ മുഖേന കശുവണ്ടി വികസന കോർപറേഷനും കാപെക്സും സംഭരിച്ചിരുന്നത്. ഇതിനു ആനുപാതികമായി പൊതുവിപണിയിലും വില ഉയർന്നു. എന്നാൽ ഇത്തവണ സംഭരണത്തിനുള്ള ചുമതല കാഷ്യു ബോർഡിനാണ്. കഴിഞ്ഞ വർഷത്തേക്കാൾ 9 രൂപ കുറച്ച് 105 രൂപയാണ് ഇത്തവണ സർക്കാർ തറവില നിശ്ചയിച്ചത്.
ഇതിന്റെ ഉത്തരവ് ഇറങ്ങാത്തതിനാൽ സംഭരണത്തിനുള്ള നടപടികൾ മെല്ലെപ്പോക്കിലാണ്. ഇതു ചൂഷണം ചെയ്ത് സ്വകാര്യ ലോബി കർഷകരെ കൊള്ളയടിക്കുകയാണെന്നാണു ആക്ഷേപം. കശുവണ്ടി വിളവ് നന്നായി ലഭിക്കുന്ന സമയമാണിത്. വില ഉയരാത്തതിനാൽ കിട്ടിയ വിലയ്ക്കു കൊടുക്കേണ്ട ഗതികേടിലാണ് കർഷകർ. 3–4 വർഷം മുൻപു കിലോയ്ക്കു 150 രൂപ വരെയായി വില ഉയർന്നപ്പോൾ റബർ വെട്ടിമാറ്റി കശുമാവിലേക്കു മാറിയ ഒരുപാട് കർഷകരുണ്ട്. ഇതിന്റെ വിളവ് ലഭിക്കാൻ തുടങ്ങിയ സമയം കൂടിയാണിത്.
വേനൽമഴ നേരത്തെ തുടങ്ങിയാൽ വില ഇതിനേക്കാൾ കുറയാൻ സാധ്യത ഉണ്ടെന്നതും കർഷകരെ ആശങ്കയിലാക്കുന്നു. അതേസമയം നേരത്തെ ജില്ലയിൽ സജീവമായിരുന്ന മംഗളൂരു ലോബി ഇത്തവണ പിന്മാറിയതും തിരിച്ചടിയായതായി വ്യാപാരികൾ പറയുന്നു. വിദേശരാജ്യങ്ങളിൽ നിന്ന് കശുവണ്ടിയുടെ ഇറക്കുമതി വർധിക്കുകയും കുറഞ്ഞ വിലയ്ക്ക് കശുവണ്ടി ലഭിക്കാൻ തുടങ്ങിയതുമാണ് കാരണം. എന്നാൽ കീടനാശിനി പ്രയോഗമില്ലാത്ത നാടൻ തോട്ടണ്ടി ഗുണനിലവാരം കൂടിയതാണെങ്കിലും അതിനനുസരിച്ചുള്ള വില ലഭ്യമാക്കാൻ സർക്കാരും ഇടപെടുന്നില്ല. തറവില കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞതും കർഷകർക്ക് തിരിച്ചടിയാണ്.