ADVERTISEMENT

ഉദുമ ∙ ഒറ്റമുറി ഷെഡിലെ ജീവിതത്തിൽ നിന്ന് ഉദുമ മേൽബാര തൊട്ടിയിലെ അംബികയും കുടുംബവും അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മാറും. 9 വർഷമായി ഒറ്റമുറി ഷെഡിൽ കഴിയുന്ന അംബികയുടെയും കുടുംബത്തിന്റെയും ദുരിതം വിവരിക്കുന്ന മനോരമ വാർത്തയെത്തുടർന്ന് ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രമാണ് കുടുംബത്തിന് വീടു നിർമിച്ചു നൽകുമെന്നറിയിച്ചത്. ജനശ്രീ മിഷൻ നേതൃത്വത്തിൽ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കഴിഞ്ഞ മാസം 2 ന്  ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഈ മാസം 16 നാണ് ഉദുമയിൽ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നടത്തിയത്. ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി നിർമിച്ചു നൽകുന്ന വീടാണിതെന്ന് ഭാരവാഹികൾ പറഞ്ഞു.

kasargod-news-ambika

മനോരമ വാർത്തയെത്തുടർന്ന് കെപിസിസി അംഗം ഹക്കീം കുന്നിൽ, ജനശ്രീ ജില്ലാ ചെയർമാൻ കെ.നീലകണ്ഠൻ, ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.ഭക്തവത്സലൻ, രവീന്ദ്രൻ കരിച്ചേരി, ബി.ബാലകൃഷ്ണൻ, സുനിൽ മൂലയിൽ, കെ.രാജകല, ചന്തുക്കുട്ടി പൊഴുതല, കെ.പി.സുധർമ, പവിത്രൻ സി.നായർ, സിനി രവികുമാർ, പി.വി.ഉദയകുമാർ, രേഷ്മ സുരേഷ്, ലത പനയാൽ എന്നിവർ ഇന്നലെ അംബികയുടെ വീട്ടിലെത്തി. നിർമിച്ചു നൽകുന്ന വീടിന്റെ പ്ലാൻ കൈമാറി. 10 ലക്ഷം രൂപയോളം ചെലവിലാണ് വീട് നിർമിക്കുന്നത്. ഉടൻ പ്രവൃത്തി ആരംഭിക്കുന്ന വീടിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കുമെന്നും ഇവർ അറിയിച്ചു.

ഭർത്താവ് സുകുമാരന് കുടുംബസ്വത്തായി കിട്ടിയ 10 സെന്റിലാണ് അംബികയും കുടുംബവും താമസിക്കുന്നത്. സുകുമാരന്റെ സഹോദരങ്ങളും വിവാഹം കഴിച്ചതോടെ തറവാട് വീട്ടിൽ നിൽക്കാൻ സൗകര്യമില്ലാതായതോടെയാണ് താൽക്കാലിക ഷെഡ് നിർമിച്ച് കുടുംബം ഇവിടേക്ക് മാറിയത്. അന്നുമുതൽ വീടിനായി ഉദുമ പഞ്ചായത്തിലും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും അപേക്ഷ നൽകുന്നുണ്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഷെഡിൽ സൗകര്യമില്ലാത്തതിനാൽ വിദ്യാർഥികളായ മൂന്ന് മക്കൾ സമീപത്തെ ബന്ധുവീട്ടിലാണ് താമസം.

വീടു നിർമാണത്തിന് കമ്മിറ്റിയായി
ഉദുമ∙ മേൽബാരയിലെ അംബികയുടെ കുടുംബത്തിന് ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള  വീടു നിർമാണത്തിന് കമ്മിറ്റി രൂപീകരിച്ചു. യോഗം കെപിസിസി അംഗം ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കരിച്ചേരി അധ്യക്ഷത വഹിച്ചു. കെ.വി.ഭക്തവത്സസലൻ, കെ.വി.ശ്രീധരൻ, ബി.ബാലകൃഷ്ണൻ, സുനിൽ മൂലയിൽ, ബി.കൃഷ്ണൻ, കെ.പി.സുധർമ, മജീദ് മാങ്ങാട്, കെ.രാജകല, ലത പനയാൽ, കെ.ചന്തുക്കുട്ടി, വി.കെ.ജിതേഷ് ബാബു, കൊവ്വൽ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.നീലകണ്ഠൻ, കെ.വി.ഭക്തവത്സലൻ, സുനിൽകുനാർ, കെ.പി.സുധർമ (രക്ഷാധികാരികൾ), ഹക്കിം കുന്നിൽ (ചെയർ), ബി.ബാലകൃഷ്ണൻ (വർ. ചെയർ), കെ.ചന്തുക്കുട്ടി പൊഴുതല(ജന. കൺ), കെ.വി.ശ്രീധരൻ വയലിൽ (ട്രഷ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com