ADVERTISEMENT

ബോവിക്കാനം ∙ പുനരധിവാസം എന്ന വാക്കിനു പറഞ്ഞു പറ്റിക്കൽ എന്നുകൂടി അർഥമുണ്ടോ?. ഒരുമാസം മുൻപു മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്ത മുളിയാർ മുതലപ്പാറയിലെ എൻഡോസൾഫാൻ ദുരിതബാധിത പുനരധിവാസ ഗ്രാമം കണ്ടു ഇങ്ങനെ സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ സാധിക്കില്ല.

തെറപ്പിസ്റ്റ് ഉൾപ്പെടെയുള്ള ജീവനക്കാരില്ല, ആവശ്യമായ ഉപകരണങ്ങളില്ല, കെട്ടിടങ്ങളുടെ പണിയും പൂർത്തിയായില്ല. ‌പുനരധിവാസ ഗ്രാമത്തിലെത്തുന്ന എൻഡോസൾഫാൻ ദുരിതബാധിതരെ കാത്തിരിക്കുന്നതു നിരാശപ്പെടുത്തുന്ന ഈ കാഴ്ചകളാണ്. തറക്കല്ലിട്ടതു മുതൽ തുടങ്ങിയ കാലതാമസം പ്രവർത്തനം തുടങ്ങുന്ന കാര്യത്തിലും തുടരുന്നു.

കഴിഞ്ഞ മാസം 29നാണു ആദ്യഘട്ടത്തിൽ നിർമിച്ച ഹൈഡ്രോ തെറപ്പി, ക്ലിനിക്കൽ സൈക്കോളജി ബ്ലോക്കുകളുടെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിച്ചത്. ജീവനക്കാരെ നിയമിച്ച ശേഷമാണു സാധാരണ ഉദ്ഘാടനം ചെയ്യാറുള്ളതെങ്കിലും ഇവിടെ അതിനുള്ള നടപടി പോലും തുടങ്ങിയിരുന്നില്ല.

ഒരു മാസം കഴിഞ്ഞിട്ടും അതേ സ്ഥിതിയാണ്.തെറപ്പി ഉപകരണങ്ങളും പൂർണമായി എത്തിച്ചിട്ടില്ല. ഉദ്ഘാടനം നടത്തിയെങ്കിലും കെട്ടിടങ്ങളുടെ പണി ഇപ്പോഴും നടക്കുകയാണ്. കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ തൊഴിലാളികൾ പണിയെടുത്തുകൊണ്ടിരിക്കുന്നതു കാണാം.

പണി പൂർത്തിയാക്കാതെയും ജീവനക്കാരെ നിയമിക്കാതെയും നടത്തിയ ഉദ്ഘാടനം വെറും തിര‍ഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന പ്രതിപക്ഷ വിമർശനം ശരിവയ്ക്കുന്നതാണിത്. രണ്ടാംഘട്ട നിർമാണത്തിനുള്ള ഫണ്ട് അനുവദിച്ചിട്ടുമില്ല. വിവിധ തെറപ്പി യൂണിറ്റുകൾ, 20 വയസ്സിനു താഴെയുള്ള ദുരിതബാധിതർക്കു കുടുംബത്തോടൊപ്പം താമസിക്കുന്നതിനുള്ള ഫോസ്റ്റർ കെയർ ഹോം എന്നിവ രണ്ടാംഘട്ടത്തിൽ നിർമിക്കുമെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞത്.

2020 ജൂലൈ 4 നു അന്നത്തെ സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജയാണ് രാജ്യത്തെ തന്നെ മാതൃകാപുനരധിവാസ ഗ്രാമമെന്ന പ്രഖ്യാപനത്തോടെ ഇതിനു തറക്കല്ലിട്ടത്. പ്ലാന്റേഷൻ കോർപറേഷനിൽ നിന്നു ഏറ്റെടുത്ത 25 ഏക്കർ സ്ഥലത്തു വിപുലമായ സൗകര്യങ്ങളോടെയുള്ള പുനരധിവാസ ഗ്രാമത്തിനു അന്നു 58 കോടി രൂപയുടെ അടങ്കലാണ് തയാറാക്കിയത്. കാസർകോട് വികസന പാക്കേജിൽ നിന്നു അനുവദിച്ച 4.17 കോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. ദുരിതബാധിതർ ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയാണ് ഇങ്ങനെ ഒച്ചിനെപ്പോലെ ഇഴയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com