റബർത്തോട്ടത്തിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
Mail This Article
ബന്തടുക്ക∙ റബർ തോട്ടത്തിലെ കാപ്പിച്ചെടിയിൽ കയറിയ രാജവെമ്പാലയെ പിടികൂടി. മാണിമൂലയിലെ കെ.എം.ജോസിന്റെ പറമ്പിൽ നിന്നാണു വനംവകുപ്പ് റാപിഡ് റെസ്പോൺസ് ടീം രാജവെമ്പാലയെ പിടികൂടിയത്. രണ്ടര മീറ്ററോളം നീളമുണ്ട്.29 നു രാവിലെ ഇവിടെ രാജവെമ്പാലയെ കണ്ടെന്നു നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
നാട്ടുകാരുടെ സഹകരണത്തോടെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്ച വൈകിട്ടോടെ റബർതോട്ടത്തിൽ വീണ്ടും കണ്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുകയും കാപ്പിച്ചെടിയിൽ കയറിയ പാമ്പിനെ പിടികൂടുകയുമായിരുന്നു.
പിന്നീട് മണ്ടക്കോൽ വനത്തിൽ തുറന്നുവിട്ടു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എം.പി.രാജു, കെ.ജയകുമാര, ബീറ്റ് ഓഫിസർമാരായ എം.രാജേഷ്, ശിവകീർത്തി, വാച്ചർമാരായ ബാബു, അമൽ, രാജൻ, അനിൽ, കൃഷ്ണപ്രസാദ്, സുജിത്ത്, സ്നേക് റസ്ക്യുവർ അബി തുടങ്ങിയവർ നേതൃത്വം നൽകി.
ഒരാഴ്ച; മൂന്നാമത്തെ രാജവെമ്പാല
ബന്തടുക്ക വനമേഖലയുടെ അതിർത്തിയിലെ ജനവാസമേഖലയിൽ നിന്ന് ഒരാഴ്ചയ്ക്കിടെ പിടികൂടുന്ന മൂന്നാമത്തെ രാജവെമ്പാലയാണിത്. 2 ദിവസം മുൻപു മാണിമൂല തടിച്ചിലംപാറയിൽ നിന്നു ഒരു രാജവെമ്പാലയെ പിടികൂടിയിരുന്നു.
കഴിഞ്ഞ മാസം 24 നു പാണ്ടി മല്ലംപാറയിലെ വെങ്കപ്പയുടെ വീട്ടുമുറ്റത്തു നിന്നും ഒരു രാജവെമ്പാലയെ വനംവകുപ്പ് പിടികൂടിയിരുന്നു. ചൂട് കൂടിയതും കാട്ടിനുള്ളിലെ ജലസ്രോതസ്സുകൾ വറ്റിയതുമാണ് പാമ്പുകൾ കാടിറങ്ങാൻ കാരണമെന്നാണു വിലയിരുത്തൽ.
പാമ്പുകളെ ജനവാസമേഖലയിൽ കണ്ടാൽ വനംവകുപ്പ് ഉദ്യോഗസ്ഥരെയോ പാമ്പ് റസ്ക്യുവർമാരെയോ വിവരം അറിയിക്കണമെന്നു ആർആർടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ജയകുമാര അറിയിച്ചു.