കടൽ കരിഞ്ഞു, മത്തി കിട്ടാനേ ഇല്ല; കടലിൽ മീൻ ലഭ്യത കുത്തനെ കുറഞ്ഞു
Mail This Article
കാഞ്ഞങ്ങാട്∙ കടലിൽ മീൻ ലഭ്യത കുത്തനെ കുറഞ്ഞു. കനത്ത ചൂടും അനധികൃത മീൻ പിടിത്തവുമാണ് മീനിന്റെ ലഭ്യതക്കുറവിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ 3 മാസമായി മീൻ ലഭ്യത കുറഞ്ഞിട്ട്. മത്തി കിട്ടാനേ ഇല്ലെന്നും ചെമ്മീൻ, അയല പോലുള്ള മീൻ അപൂർവമായാണ് കിട്ടുന്നതെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.കനത്ത ചൂടാണ് മീൻ കുറയാനുള്ള ഒരു കാരണം. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന ബോട്ടുകളുടെ അനധികൃത മീൻപിടിത്തമാണ് മറ്റൊരു കാരണം.
ശക്തമായ വെളിച്ചം ഉപയോഗിച്ച് 20 നോട്ടിക്കൽ മൈൽ മുതൽ 40 നോട്ടിക്കൽ മൈൽ വരെയുള്ള ഭാഗത്ത് നിന്നു ഇവർ മീനുകളെ വ്യാപകമായി പിടിച്ചു കൊണ്ടുപോകുകയാണ്. ശക്തമായ വെളിച്ചത്തിൽ ആകൃഷ്ടരായി കരയോടു ചേർന്നുള്ള മീനുകളും ആഴക്കടലിലേക്കു പോകുന്ന സ്ഥിതിയുണ്ടാകുന്നു. ഇത് ചെറിയ വള്ളങ്ങളിൽ കടലിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഏറെ ബാധിക്കുന്നു. ഒരു ചെറിയ തോണിയിൽ കടലിൽ പോയി തിരിച്ചു വരാൻ 2000 രൂപയുടെ മണ്ണെണ്ണ വേണം.95 രൂപയാണ് 1 ലീറ്റർ മണ്ണെണ്ണയുടെ വില. പലപ്പോഴും തിരിച്ചു വരുമ്പോൾ 1000 രൂപയുടെ മീൻ ആണ് ഇവർക്ക് കിട്ടുന്നത്.
നഷ്ടമായതിനാൽ പലരും തോണി കരയ്ക്കു കയറ്റി. ബോട്ടുകളുടെ കാര്യവും കഷ്ടത്തിലാണ്. 5000 മുതൽ 8000 രൂപ വരെ ചെലവാക്കിയാണ് ബോട്ടുകൾ കടലിൽ പോകുന്നത്. പലപ്പോഴും തിരിച്ചു വരുന്നത് ആവശ്യത്തിന് മീൻ ലഭിക്കാതെയാണ്. ഫൈബർ വള്ളങ്ങൾ ഭൂരിഭാഗവും കരയിലേക്ക് കയറ്റി വച്ചെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ആവശ്യത്തിന് മീൻ കിട്ടാത്തതിനാൽ വിപണിയിൽ മീൻ വില കുതിച്ചു കയറുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനുകളാണ് ഇപ്പോൾ അധികവും ചന്തകളിൽ വാങ്ങാൻ കിട്ടുന്നത്.