മൊട്ടയംകൊച്ചി നിവാസികൾ വലയുന്നു, തുള്ളിവെള്ളത്തിനായി; കാടുകയറി നാട്ടുകാർ
Mail This Article
രാജപുരം ∙ പനത്തടി പഞ്ചായത്തിലെ മൊട്ടയംകൊച്ചിയില്‍ ജനങ്ങൾ വർഷങ്ങളായി ശുദ്ധജലം എത്തിക്കുന്നത് മരുതോം വനത്തിനകത്തെ സ്രോതസ്സിൽ നിന്ന്. വന്യമൃഗങ്ങളെ ഭയന്ന് വനത്തിനകത്ത് കൂടി സാഹസികമായാണു ഇവർ വെള്ളം എത്തിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് ഫണ്ടിൽ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് ഇതുവരെ കമ്മിഷൻ ചെയ്യാൻ സാധിച്ചിട്ടില്ല. 35 കുടുംബങ്ങളാണ് മരുതോം വനാതിർത്തി പങ്കിടുന്ന മൊട്ടയംകൊച്ചിയിൽ ഉള്ളത്. ഇതിൽ 14 എസ്ടി കുടുംബങ്ങളും, രണ്ടു ജനറൽ വിഭാഗം കുടുംബങ്ങളും ഉൾപ്പെടെ 16 കുടുംബങ്ങളാണ് വനത്തിലൂടെ എത്തിക്കുന്ന വെള്ളത്തെ കഴിഞ്ഞ 20 വർഷത്തിലധികമായി ആശ്രയിക്കുന്നത്.
മറ്റുള്ളവർ പ്രദേശത്ത് തന്നെയുള്ള ചെറിയ തുരങ്കങ്ങളെ ആശ്രയിക്കുന്നു. ജലസ്രോതസ്സിൽനിന്നു ഒരു പൈപ്പിൽ കൂടി വെള്ളം കൊണ്ടുവന്ന് വനത്തിന് പുറത്തെത്തിച്ച് പിന്നീടാണ് ഓരോ വീടുകളിലേക്കും കൊണ്ട് പോകുന്നത്. വനത്തിൽ കൂടി ഇട്ട പൈപ് വന്യമൃഗങ്ങൾ നശിപ്പിക്കുന്നതിനാൽ നന്നാക്കാൻ പോകേണ്ടിവരും. ഇത്തരത്തിൽ കഴിഞ്ഞ ദിവസം രാവിലെ പൈപ് ശരിയാക്കാൻ പോയ മൊട്ടയംകൊച്ചിയിലെ ടി.ജെ.ഉണ്ണി എന്ന യുവാവിനെ കാട്ടാന ആക്രമിച്ചിരുന്നു. ഇതോടെ ജലസ്രോതസ്സിനടുത്തേക്ക് പോകാൻ നാട്ടുകാർക്ക് പേടിയാണ്. വനത്തിൽകൂടി വെള്ളം കൊണ്ടുവരാൻ വനംവകുപ്പിന്റെ രേഖാമൂലമുള്ള അനുമതിയില്ല.