ഇതാ, നന്മയുടെ വിഷുക്കാഴ്ചകൾ
Mail This Article
കാഞ്ഞങ്ങാട് ∙ ഐശ്വര്യത്തിന്റെ വിഷുക്കണിക്കും വിഷുസദ്യയ്ക്കും അപ്പുറം നന്മയുള്ള വിഷു കാഴ്ചകളും ഒരുക്കി നാടും നഗരവും. തെരുവുവാസികള്‍ക്കും രോഗികള്‍ക്കും വിഷുസദ്യ നല്‍കിയും വിഷുക്കണി സാധനങ്ങൾ അനാഥാലയത്തിനു കൈമാറിയും ചിലർ വിഷുവിനെ നന്മയുള്ള ആഘോഷമാക്കി. തെരുവിന്റെ മക്കൾക്ക് വിഷുസദ്യ ഒരുക്കിയും വിഷു കോടി വിതരണം ചെയ്തും കാഞ്ഞങ്ങാട് നന്മമരം കൂട്ടായ്മ നന്മയുടെ ആദ്യ വിഷു കാഴ്ച ഒരുക്കി. രണ്ടു ദിവസങ്ങളിലായി നഗരത്തിലെ 250 ആളുകൾക്ക് വസ്ത്രവും ആയിരത്തോളം പേർക്കു സദ്യയും നൽകി. മുൻനഗരസഭാ ചെയർമാൻ വി.വി.രമേശൻ വിഷുസദ്യ വിതരണം ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡന്റ് ഹരി നോർത്ത് കോട്ടച്ചേരി, ചെയർമാൻ സലാം കേരള, സെക്രട്ടറി ടി.വിനോദ്, ട്രഷറർ ഷിബു നോർത്ത് കോട്ടച്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്കും കൂട്ടിരിപ്പുകാർക്കും വിഷുസദ്യ വിളമ്പി സേവാഭാരതിയാണു മറ്റൊരു വിഷുക്കാഴ്ച ഒരുക്കിയത്. ആശുപത്രിയിലെ മുഴുവൻ ആളുകൾക്കും വിഷുസദ്യ നൽകി.
ഡോ. രാഘവേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് കെ.വി.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ആർഎസ്എസ് കാഞ്ഞങ്ങാട് ജില്ലാ സഹ സംഘ ചാലക് ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ, കെ.വി.കുഞ്ഞിക്കണ്ണൻ, വേലായുധൻ കൊടവലം, ബാബു പുല്ലൂർ, ജനറൽ സെക്രട്ടറി കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കാലിക്കടവ് ഫ്രൻഡ്സ് ക്ലബ് പ്രവർത്തകരാണ് മാതൃകയായ മറ്റൊരു വിഷുക്കണി ഒരുക്കിയത്. നൂറോളം വീടുകളിൽനിന്നു ക്ലബ് പ്രവർത്തകൻ തലേദിവസം ചക്ക, മാങ്ങ, തേങ്ങ, അരി, നാണയങ്ങൾ തുടങ്ങിയ ശേഖരിച്ചു.
ഈ സാധനങ്ങൾ ഉപയോഗിച്ച് വിഷുക്കണി ഒരുക്കി. കണി ഒരുക്കിയ ഈ സാധനങ്ങൾ മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയാണ് ഇവർ മാതൃക കാട്ടിയത്. ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി പി.അപ്പുക്കുട്ടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുസ്മിത എം.ചാക്കോ വിഷു വിഭവങ്ങൾ ഏറ്റുവാങ്ങി. എം.രാഘവൻ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് പി.മുരളി, ട്രഷറർ എ.കെ.ലക്ഷ്മണൻ, എ.കെ.ലൈല, എം.അജിത, കെ.ശ്രീധരൻ, വി.നന്ദഗോപൻ, കെ.വിനീത്, രതീഷ് കാലിക്കടവ് എന്നിവർ പ്രസംഗിച്ചു.