ജലസ്രോതസ്സുകൾ വറ്റുന്നു; 4 പഞ്ചായത്തിൽ ശുദ്ധജല വിതരണം പ്രതിസന്ധിയിൽ
Mail This Article
കാസർകോട് ∙ കനത്ത വേനൽ ചൂടിൽ പുഴയിൽ നീരൊഴുക്കു നിലയ്ക്കുകയും പമ്പിങ് സ്രോതസ്സ് വറ്റുകയും ചെയ്തതോടെ ജില്ലയിൽ 4 പഞ്ചായത്തുകളിലെ എണ്ണായിരത്തോളം കുടുംബങ്ങൾക്കുള്ള ശുദ്ധജല വിതരണം നിലച്ചു.മഞ്ചേശ്വരം, വോർക്കാടി, കുമ്പള, കയ്യൂർ– ചീമേനി പഞ്ചായത്തുകളിലാണു ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം നിലച്ചത്. ജലവിതരണം മുടങ്ങിയ പ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ സ്വകാര്യ കിണറുകളിൽ നിന്നുൾപ്പെടെ വെള്ളം ലഭ്യമാക്കി സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ എത്തിക്കുന്നുണ്ട്. ഉപ്പള പുഴയിലെ ആനക്കല്ല്, ഷിറിയ പുഴയിലെ പൂക്കട്ട, കാര്യങ്കോട് പുഴയിലെ കാക്കടവ് എന്നിവിടങ്ങളിലെ ജല സ്രോതസ്സ് വറ്റിയതാണ് ശുദ്ധജലവിതരണം മുടങ്ങാൻ കാരണം.
മഞ്ചേശ്വരം, വോർക്കാടി, കുമ്പള പഞ്ചായത്തുകളിൽ 18 മുതൽ പമ്പിങ് മുടങ്ങി. കയ്യൂർ–ചീമേനി പഞ്ചായത്തിൽ കഴിഞ്ഞ ദിവസമാണ് മുടങ്ങിയത്. മേയ് പകുതിക്കു മുൻപ് വേനൽ മഴ കിട്ടിയില്ലെങ്കിൽ ഉപ്പള പുഴയിൽ നിന്നു മംഗൽപാടി പഞ്ചായത്തിലേക്കുള്ള ജല അതോറിറ്റി പൈപ്പ് ലൈൻ മുഖേനുള്ള വിതരണം നിലച്ചേക്കും.മഞ്ചേശ്വരം പഞ്ചായത്തിൽ നൂറോളം പേർക്ക് കുഴൽക്കിണർ വഴി ജല അതോറിറ്റി വെള്ളം നൽകുന്നുണ്ട്. ജില്ലയിൽ നഗരസഭകളിലും പഞ്ചായത്തുകളിലുമായി ആകെ 56,500 കണക്‌ഷനുണ്ട്. ഇതിനു പുറമേ 3500 പൊതുടാപ്പ് വഴിയും വെള്ളം എത്തിക്കുന്നുണ്ട്. ഇതെല്ലാം കൂടി മൂന്നര ലക്ഷത്തോളം പേർക്ക് ശുദ്ധജലം എത്തിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇതിൽ 8,000 കുടുംബങ്ങൾക്കുള്ള വെള്ളം വിതരണം ആണ് മുടങ്ങിയത്.
താന്നിയടി പുഴയും വറ്റുന്നു
പെരിയ ∙ താന്നിയടി പുഴയിലെ ജലനിരപ്പ് ദിനംപ്രതി താഴുന്നതിനാൽ ജലനിധി പദ്ധതിയിൽ നിന്നുള്ള ജല വിതരണം ആഴ്ചയിൽ 2 ദിവസമാക്കി. നേരത്തേ ആഴ്ചയിൽ മൂന്നു ദിവസം വെള്ളം ലഭിച്ചിരുന്നു. പുല്ലൂർ പെരിയ പഞ്ചായത്തിലെ 1,300 കുടുംബങ്ങൾക്കു വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. ഈ നിലയിൽ പോയാൽ പത്തുദിവസം പമ്പിങ് നടത്താനുള്ള വെള്ളമേ കിണറിലുണ്ടാകൂവെന്ന് അധികൃതർ അറിയിച്ചു. താന്നിയടി പുഴയിൽ തടയണ നിർമിച്ച് പുഴയിലെ കിണറ്റിൽ നിന്നാണ് പദ്ധതിക്കാവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത്. പുഴയിലെ ജലനിരപ്പ് താഴാൻ തുടങ്ങിയതോടെ കിണറ്റിലും വെള്ളം വേഗത്തിൽ വറ്റാൻ തുടങ്ങി.
ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമം 15 വരെ
∙ കേരളത്തിൽ കടുത്ത വേനൽ തുടരുന്നതിനാലും ഉഷ്ണതരംഗ സാധ്യതയുള്ളതിനാലും ജില്ലയിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിച്ചു കൊണ്ടുള്ള ലേബർ കമ്മിഷണറുടെ ഉത്തരവിന്റെ കാലാവധി ദീർഘിപ്പിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കും. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കും. ഇന്നു മുതൽ 15 വരെയുള്ള കാലയളവിലേക്ക് പുതുക്കിയ സമയക്രമീകരണം ബാധകമായിരിക്കുമെന്ന് ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.