കേരളത്തിന്റെ വടക്കൻ ജില്ലകളിൽ 8 മുതൽ മിന്നലോട് കൂടിയ മഴയ്ക്കു സാധ്യത
Mail This Article
കാഞ്ഞങ്ങാട് ∙ കനത്ത ചൂടിൽ വലയുന്ന സംസ്ഥാനത്ത് 8 മുതൽ എല്ലാ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വേനൽമഴയിൽ ഇതുവരെ 65 % കുറവാണ് സംസ്ഥാനത്ത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. 7ന് കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ഇടിമിന്നലോടു കൂടിയ മഴ വടക്കൻ കേരളത്തിലുൾപ്പെടെ പെയ്യുമെന്നാണ് വകുപ്പിന്റെ പ്രവചനം. ഈ ആഴ്ച അവസാനത്തോടെ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. എന്നാൽ തുടർച്ചയായ മഴയ്ക്കു സാധ്യതയില്ലെന്നും വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് മാർച്ച് മുതൽ ഇന്നലെ വരെ ശരാശരി 169.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 59.2 മില്ലിമീറ്റർ മാത്രമാണ് പെയ്തത്. മലബാർ മേഖലയിലാണ് ഏറ്റവും മഴക്കുറവ്. മലപ്പുറം ജില്ലയിൽ 2% മാത്രമാണ് വേനൽമഴ ലഭിച്ചത്. കാസർകോട് 5 %, കോഴിക്കോട് 6 % എന്നിങ്ങനെയാണു വേനൽ മഴ ലഭിച്ചത്.
കണ്ണൂരിൽ 23 %, വയനാട് 34 % എന്നിങ്ങനെയും. ചൂടേറിയതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ അന്തരീക്ഷസ്ഥിതി അടുത്ത 2 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ഞായറും ഇന്നലെയും ഉയർന്ന താപനിലയിൽ നേരിയ കുറവുണ്ടായത് ആശ്വാസമായി.