മതസൗഹാർദം അരക്കിട്ടുറപ്പിച്ച് മാപ്പിളത്തെയ്യം അരങ്ങിലെത്തി
Mail This Article
നർക്കിലക്കാട്∙മതസൗഹാർദം അരക്കിട്ടുറപ്പിച്ച് മൗവ്വേനി കോവിലകം ദേവീക്ഷേത്രനടയിൽ മാപ്പിളത്തെയ്യം ബാങ്കുവിളിയും നിസ്കാര കർമങ്ങളും നടത്തിയപ്പോൾ നാട് ഭക്തിപൂർവം വണങ്ങി. രണ്ട് ദിവസം നീണ്ട് നിന്ന കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് മലചാമുണ്ഡിയോടൊപ്പം അരങ്ങിലെത്തിയകോയിക്കൽ മമ്മത് എന്ന മാപ്പിളതെയ്യത്തിന്റെ വാൾപയറ്റും വേറിട്ട കാഴ്ചയായി. കൈലിമുണ്ടും ഷർട്ടും താടിയും തലപ്പാവുമാണ് വേഷം. കയ്യിൽ വാളും പരിചയുമുണ്ട്. ഒന്നര നൂറ്റാണ്ടുകൾക്ക് മുൻപ് കോവിലകത്തിന്റെ അധീനതയിലുള്ള മലച്ചാമുണ്ഡിയുടെ ആരൂഡസ്ഥാനമായ കോട്ടമല വനത്തിലെ കൂപ്പിൽ ഇരിക്കൂറിൽ നിന്നു മരംമുറിക്കാനെത്തിയ കോയിക്കൽ മമ്മത് ഒരു വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് നാട്ടുമൂപ്പന്റെ വിലക്ക് ലംഘിച്ച് മരം മുറിച്ചപ്പോൾ മരം ദേഹത്ത് വീണ് മരണപ്പെടുകയും പിൽക്കാലത്ത് തെയ്യക്കോലമായി പുനർജനിച്ചുവെന്നുമാണു പുരാവൃത്തം.
ക്ഷേത്രത്തിലെ പ്രധാനതെയ്യക്കോലങ്ങളായ വടക്കെവളപ്പിൽ അമ്മ, വിഷ്ണുമൂർത്തി, കിഴക്കൻപോതി, ചിരുകണ്ഡൻ ഭൂതം എന്നീ തെയ്യക്കോലങ്ങൾക്കുള്ള തുല്യപ്രാധാന്യമാണ് മാപ്പിള തെയ്യത്തിനുള്ളത്. കോഴി, പുകയില, വെറ്റില, അടയ്ക്ക, കാണിക്കപ്പണം എന്നിവയാണ് ഭക്തർ വഴിപാടായി സമർപ്പിക്കുന്നത്. മാപ്പിള തെയ്യത്തിന് നിസ്ക്കരിക്കാനുള്ള തട്ടും മെതിയടിയും വഴിപാടായി നൽകിയത് സമീപത്തെ ആദ്യകാല മുസ്‌ലിം കുടുംബമായ ലയിനാക്കില്ലത്തെ എം.എ.നസീറാണ്. തെയ്യത്തിന് വഴിപാടായി ലഭിക്കുന്ന കോഴികളിൽ നിന്ന് ഒരു കോഴിയെ ക്ഷേത്രസമീപത്തെ മുസ്‌ലിം കുടുംബത്തിൽപെട്ട ആൾക്ക് നേർച്ച നടത്താൻ കൈമാറുന്ന ചടങ്ങിനും മുടക്കം വരുത്താറില്ല.
മാവില സമുദായത്തിൽ പെട്ടവരാണ് കോലധാരികൾ. മാപ്പിള തെയ്യത്തെ ദർശിച്ച് അനുഗ്രഹം വാങ്ങാൻ ഒട്ടേറെയാളുകൾ ഒത്തുകൂടി. അള്ളട സ്വരൂപത്തിൽപെട്ട നീലേശ്വരം കിണാവൂർ കോവിലകം രാജകുടുംബത്തിലെ കെ.സി.മാനവർമ രാജയാണ് ക്ഷേത്രാധികാരി. ഇന്നലെ രാത്രി കിഴക്കൻ പോതിയുടെ ചോറുവാരൽ, തേങ്ങ അടിക്കൽ ചടങ്ങുകളോടെ കളിയാട്ട ഉത്സവം സമാപിച്ചതോടെ മലയോരക്ഷേത്രങ്ങളിലെ ഈവർഷത്തെ കളിയാട്ടച്ചടങ്ങുകൾക്കും പരിസമാപ്തിയായി.