ADVERTISEMENT

കാഞ്ഞങ്ങാട്∙ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണർന്ന അവസ്ഥയിലായിരുന്നു ഇന്നലെ കാഞ്ഞങ്ങാടിന്റെ തീരദേശ മേഖല. വീടിന്റെ സുരക്ഷിതത്വത്തിൽ‍ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ ആരുമറിയാതെ തട്ടിക്കൊണ്ടു പോയെന്ന വിവരം ഞെട്ടലോടെയാണ് നാട് കേട്ടത്. ഒരു മണിക്കൂർ‍ നീണ്ട ആശങ്കയ്ക്കൊടുവിൽ കുട്ടി സുരക്ഷിതയാണെന്ന വിവരം ലഭിച്ചതോടെയാണ് വീട്ടുകാർക്കും നാട്ടുകാർക്കും അൽപം ആശ്വാസമായത്. 

പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് സിസിടിവികൾ കുറവായതിനാൽ പ്രതിയിലേക്കുള്ള സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. പെൺകുട്ടിയുമായി പ്രതി സഞ്ചരിച്ച വഴിയിൽ രണ്ട് വീടുകളിൽ സിസിടിവി ക്യാമറയുണ്ട്.

കുട്ടിയുടെ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു.
കുട്ടിയുടെ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു.

ഇതിലൊരെണ്ണത്തിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. മറ്റേ സിസിടിവി ദൃശ്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ വീട്ടുകാർ വിദേശത്താണ്. ഇവരെ ബന്ധപ്പെട്ട് ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.

 പ്രദേശത്തെ കഞ്ചാവ്, ലഹരി മാഫിയ സംഘത്തിൽ പെട്ടവരെയും സംശയമുള്ളവരെയും പൊലീസ് ചോദ്യം ചെയ്തു. മുറിയിൽ കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം 500 മീറ്റർ അകലെയുള്ള വഴിയിൽ വച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയെ ഇയാൾ മർദിക്കുകയും ചെയ്തു. 

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച സ്ഥലത്തേക്ക് മണം പിടിച്ചോടുന്ന പൊലീസ് നായ.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച സ്ഥലത്തേക്ക് മണം പിടിച്ചോടുന്ന പൊലീസ് നായ.

കമ്മൽ ഊരിയെടുത്ത ശേഷം കുട്ടിയെ പറഞ്ഞുവിടുകയായിരുന്നു. പ്രതി മലയാളത്തിലാണ് സംസാരിച്ചതെന്നും മെലിഞ്ഞ  ആളാണെന്നും കുട്ടി പറഞ്ഞു.  കുട്ടി പേടിച്ചു വിറച്ച നിലയിൽ സമീപത്തെ ഒരു വീട്ടിലെത്തി അക്രമ വിവരം അറിയിച്ചതോടെയാണ് സംഭവം അറിയുന്നത്. കുട്ടിയെ ഉടൻ വീട്ടുകാർ എത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ മോഷണലക്ഷ്യമെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് വൈദ്യ പരിശോധനയിലാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസ്സിലായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ 3 പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. 

സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി പി.ബിജോയിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും  സ്ഥലത്തെത്തി. മണം പിടിച്ച ശേഷം പൊലീസ് നായ കുട്ടിയെ ഉപേക്ഷിച്ച സ്ഥലം വരെ കൃത്യമായി ഓടിയെത്തി. കുട്ടിയെ ഉപേക്ഷിച്ച വയലിൽ നിന്നു പ്രതിയുടേതെന്ന് സംശയിക്കുന്ന 50 രൂപയുടെയും 10 രൂപയുടെയും നോട്ടുകൾ പൊലീസിന് ലഭിച്ചിരുന്നു. 

ലഹരി സംഘങ്ങൾ പ്രദേശത്ത് സജീവം
നഗരസഭയുടെ തീരദേശ മേഖലയിൽ ലഹരി സംഘങ്ങൾ സജീവമാണ്. ഇതിനാൽ പൊലീസ് ഇവരെയും സംശയിക്കുന്നു. മുൻപ് കേസിൽ പെട്ടവരെയും സംശയം തോന്നിയവരേയും പൊലീസ് ചോദ്യം ചെയ്തു. ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

പൊലീസ് ഉന്നതതല യോഗം ചേർന്നു
വിവരമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ഇന്നലെ യോഗം ചേർന്നു. ഡിഐജി തോംസൺ ജോസ്, ജില്ലാ പൊലീസ് മേധാവി പി.ബിജോയി, ഡിവൈഎസ്പിമാരായ ലതീഷ്, സുനിൽകുമാർ, ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com