ADVERTISEMENT

മംഗളൂരു∙ 650 രൂപയ്ക്ക് മംഗളൂരു തുറമുഖത്തു നിന്ന് 7 മണിക്കൂർ കൊണ്ട് ലക്ഷദ്വീപിലെത്താം. പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ ലക്ഷദ്വീപ് –മംഗളൂരു അതിവേഗ പാസഞ്ചർ കപ്പൽ സ്ഥിരപ്പെടുത്തുമോ? കാത്തിരിപ്പിലാണ് സഞ്ചാര പ്രേമികൾ. നേരത്തേ തന്നെ  ലക്ഷദ്വീപ്–മംഗളൂരു യാത്രാ കപ്പൽ സർവീസ് ഉണ്ടായിരുന്നു. 13 മണിക്കൂർ കൊണ്ട് ലക്ഷ്യത്തിലെത്തിയിരുന്ന ഈ കപ്പൽ കോവിഡ് കാലത്ത് നിർത്തലാക്കിയ ശേഷം പുനരാരംഭിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് പുതിയ അതിവേഗ കപ്പൽ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയാവുന്നത്.

ചികിത്സയ്ക്ക് വേണ്ടി മംഗളൂരുവില്‍ എത്തുന്നവരും
കോവിഡിന് മുൻപ് 30 വർഷത്തോളം നിശ്ചിത ഇടവേളകളിൽ 2 ചെറുകപ്പലുകൾ മംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്നു. എന്നാൽ പൊടുന്നനെ എത്തിയ മഹാമാരിയിൽ അതു നിലച്ചു. പ്രധാനമായും ആശുപത്രികളിലേക്ക് ചികിത്സയ്ക്കായും വിപണികളിലേക്കുമാണ് ലക്ഷദ്വീപിൽ നിന്ന് ആളുകൾ മംഗളൂരുവിലേക്ക് എത്തിയിരുന്നത്. രണ്ടിടങ്ങൾക്കും സാമ്പത്തികമായും ഏറെ മെച്ചം ഉണ്ടാക്കിയിരുന്നു. 

160 യാത്രക്കാർ
160 യാത്രക്കാരുമായാണ് ദിവസങ്ങൾക്കു മുൻപ് സ്പീഡ് വെസൽ മംഗളൂരുവിൽ ട്രയൽ റൺ നടത്തി എത്തിയത്. പഴയ യാത്രാ കപ്പലിനെക്കാൾ 5 മണിക്കൂർ ലാഭിക്കുമെന്നതിനാൽ ഈ സർവീസ് വർഷങ്ങളായി നിലച്ച  മംഗളൂരു–ലക്ഷദ്വീപ് ബന്ധം കൂടുതൽ ദ‍ൃ‍ഡമാക്കും എന്ന പ്രതീക്ഷയിലാണ്.യാത്രാ സമയം ചുരുങ്ങി 7 മണിക്കൂർ ആകുന്നതോടെ ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിൽ എത്തുന്നതിനേകാൾ വേഗത്തിൽ മംഗളൂരുവിൽ എത്താം.  ഇവിടെ നിന്ന് കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും പെട്ടെന്ന് എത്താം. 

യാത്രച്ചെലവ് കുറവ്
650 രൂപയായിരുന്നു ആദ്യമായി എത്തിയ അതിവേഗ പാസഞ്ചർ കപ്പൽ പറാലിയുടെ ടിക്കറ്റ് നിരക്ക്. യാത്രക്കാരന് 30 കിലോ വരെ ഉള്ള ലഗേജും കൂടെ കരുതാം. ക്യാപ്റ്റൻ, ചീഫ് ഓഫിസർ തുടങ്ങി 11 ജീവനക്കാരും കപ്പലിൽ ഉണ്ടായിരുന്നു. ഇന്ത്യയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ലക്ഷദ്വീപിലേക്ക് ചുരുങ്ങിയ ചെലവിലും സമയത്തിലും എത്താൻ ഇത് ഏറെ ഉപകരിക്കും. എന്നാൽ പുറം നാട്ടുകാർക്ക് ലക്ഷദ്വീപിൽ എത്തണമെങ്കിൽ പല പ്രക്രിയകളിലൂടെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. ഈ പ്രക്രിയ സുഗമം ആക്കിയാൽ വടക്കൻ കേരളത്തിൽ നിന്ന് ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് ലക്ഷദ്വീപിലെത്താനുള്ള ഉപാധിയായി അതിവേഗ പാസഞ്ചർ കപ്പൽ മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com