ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: 4 പേരുടെ ഡിഎൻഎ സാംപിൾ പരിശോധനയ്ക്ക് അയച്ചു
Mail This Article
കാഞ്ഞങ്ങാട് ∙ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കണ്ടെത്താൻ 4 പേരുടെ ഡിഎൻഎ സാംപിൾ പൊലീസ് പരിശോധനയ്ക്കയച്ചു. സിസിടിവി ദൃശ്യത്തിലെ ആളെന്ന സൂചനയെത്തുടർന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നേരത്തേ പീഡനക്കേസിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ, സാഹചര്യ തെളിവുകൾ മാത്രമാണ് പൊലീസിന് ആശ്രയം. പെൺകുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലങ്ങൾ വന്നാൽ മാത്രമേ അന്വേഷണവുമായി മുന്നോട്ടുപോകാൻ കഴിയൂ.
ഫലം വരാൻ മൂന്നോ നാലോ ദിവസം വേണ്ടി വരുമെന്നാണ് കരുതുന്നത്. 160ൽ അധികം സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽനിന്നാണ് സംഭവ ദിവസം പുലർച്ചെ 2.13ന് ഒരാൾ നടന്നു പോകുന്ന ദൃശ്യം ലഭിച്ചത്. ദൃശ്യത്തിൽ മുഖം വ്യക്തമല്ല. 3 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 26 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമാന കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡിഐജി തോംസൺ ജോസ്, ജില്ലാ പൊലീസ് മേധാവി പി.ബിജോയി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകുന്നു.