ADVERTISEMENT

വെള്ളരിക്കുണ്ട് (കാസർ‌കോട്)∙വർഷം 1973. കുന്നുംകൈ പുഴയ്ക്കു കുറുകെ ഇ.കെ.നായനാർ ഓടിച്ച ജീപ്പ് മറിഞ്ഞ് നായനാർ ഉൾപ്പെടെയുള്ളവർ വെള്ളത്തിലേക്ക് തെറിച്ചുവീണു.  അന്ന് നായനാർ കൂടെയുള്ളവരോട് പറഞ്ഞു;‘ ഇൗ വീഴലൊന്നും എനക്ക് ഒരു പുത്തരിയല്ലടൊ. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നാൽ ആദ്യം ഇൗ പുഴക്ക് ഒരു പാലം കെട്ടും നോക്കിക്കൊ.’ പിന്നീട് 1987ൽ നായനാർ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ എംഎൽഎയും മുഖ്യമന്ത്രിയുമായപ്പോൾ കുന്നുംകൈ പുഴയ്ക്ക് പാലം അനുവദിച്ച് വാക്ക് പാലിക്കുകയും ചെയ്തു. 1987ൽ പാലത്തിന്റെ ശിലാസ്ഥാപനം നടത്തി 93ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അന്നത്തെ മരാമത്ത് മന്ത്രി പി.കെ.ബാവ പാലം നാടിന് സമർപ്പിച്ചു.31 വർഷം തികയുകയാണ് നായനാർ സമ്മാനിച്ച ആ പാലത്തിന്. മലയോരത്തിന്റെ വികസനക്കുതിപ്പിന് നാന്ദി കുറിച്ച കുന്നുംകൈ പാലത്തിലൂടെ കടന്നു പോകുമ്പോൾ നാട്ടുകാരുടെ മനസ്സിൽ തെളിയുന്നത് നായനാരുടെ മുഖമാണ്. 

നായനാർ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കാലത്തായിരുന്നു കുന്നുംകൈ പുഴയിലെ ഈ അപകടം. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലം സ്ഥാനാർഥിയായിരുന്ന ടി.കെ.ചന്തന്റെ തിരഞ്ഞെടുപ്പ് ചുമതല നായനാർക്കായിരുന്നു. പുങ്ങംചാൽ, പറമ്പ, എളേരി, നർക്കിലക്കാട് പ്രദേശങ്ങളിലെ വിവിധ യോഗങ്ങളിലെ പ്രസംഗത്തിന് ശേഷം ജീപ്പിൽ പെരുമ്പട്ടയിലേക്ക് പോകാനായി ധൃതിപിടിച്ച് കുന്നുംകൈയിൽ എത്തിയപ്പോൾ പുഴയിൽ നല്ല വെള്ളം. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ പാണ്ടിയിലാണ് ആളുകൾ പുഴ കടന്നിരുന്നത്. ഉരുളൻകല്ല് അടുക്കി വച്ചതിന്റെ മുകളിലൂടെ ജീപ്പിന് കഷ്ടിച്ച് പോകാമെങ്കിലും ഡ്രൈവർ ധൈര്യമില്ലാതെ മാറിനിന്നു. 

അപ്പോൾ ‍‘പേടിക്കണ്ടടൊ ഞാൻ വണ്ടിയെടുക്കാ’മെന്ന് പറഞ്ഞ് ഡ്രൈവറെ മാറ്റി നിർത്തി ജീപ്പ് സ്വയം ഓടിച്ച് പുഴയുടെ നടുവിലെത്തിയപ്പോൾ ജീപ്പ് മറിഞ്ഞ് നായനാർ വെള്ളത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഡ്രൈവറുടെ നിലവിളി കേട്ട് ഓടിയെത്തിയ സഖാക്കളായ കുറഞ്ചേരിയിലെ കുഞ്ഞമ്പു, പി.ആർ ചാക്കോ, സമീപത്തെ കച്ചവടക്കാരനായിരുന്ന കെ.കെ.മാത്യു എന്നിവർ ചേർന്ന് നായനാരെ കൈപിടിച്ച് അക്കരെ എത്തിച്ചു. അന്ന് നായനാർ കൂടെയുള്ളവരോട് പറഞ്ഞ വാഗ്ദാനമായിരുന്നു ഇവിടെ ഒരു പാലം എന്നത്. പാലം തുറന്നുകൊടുത്തതോടെ മലയോരത്തിന്റെ വികസന കുതിപ്പിന് വേഗം കൂടി. വരക്കാട് പറമ്പ റോഡ്, കുന്നുംകൈ, മണ്ഡപം– നല്ലോംപുഴ –ചിറ്റാരിക്കാൽ –ചെറുപുഴ റോഡ് നവീകരണവും നായനാരുടെ സംഭാവനയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com