കോഴിവില പറക്കുന്നു; മൊത്ത വിലയിൽ 20 രൂപയും റീട്ടെയിൽ വിലയിൽ 30 രൂപ വരെയും കൂടി
Mail This Article
കാസർകോട്∙ കോഴി വിൽപന വിലയിൽ കുതിച്ചുകയറ്റം തുടരുന്നു. കഴിഞ്ഞ 1 മാസത്തിനിടെ മൊത്തവിൽപന വിലയിൽ 20 രൂപയും റീട്ടെയിൽ വിൽപന വിലയിൽ 30 രൂപ വരെയുമാണ് കൂടിയത്. കഴിഞ്ഞ മാസം ഇത് യഥാക്രമം 150 രൂപയും 160–165 രൂപയുമായിരുന്നു. ഇപ്പോൾ അത് 170 രൂപയും 180– 185 രൂപയുമായി ഉയർന്നു.
കോഴി ഇറച്ചിയുടെ വില കഴിഞ്ഞ മാസം 230 രൂപ ഉണ്ടായിരുന്നത് 290 രൂപയായി വർധിച്ചു. ചൂടു കാലവും ഉൽപാദനം പകുതിയായി കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണമെന്ന് പറയുന്നുണ്ടെങ്കിലും വിലക്കയറ്റം നിയന്ത്രിക്കാൻ ജില്ലാ അധികൃതർ ഇടപെടുന്നില്ലെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്. മീനിന്റെ വിലക്കയറ്റവും കോഴിയുടെ വില കയറാൻ ഇടയാകുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ കോഴി മൊത്ത വിൽപന വില 113 രൂപയും ചില്ലറ വിൽപന വില 125 രൂപയും ആയിരുന്നു. മേയ് യഥാക്രമം 133 രൂപ 145 രൂപ, ജൂൺ 141 രൂപ, 153 രൂപയുമായി ഉയർന്നുവെങ്കിലും ജൂലൈയിൽ താഴോട്ടു വന്നു. ചില്ലറ വിൽപന 122 രൂപയായി കുറഞ്ഞു. ഓഗസ്റ്റിൽ വീണ്ടും കൂടിയപ്പോൾ 130 രൂപയായി. സെപ്റ്റംബർ 140 രൂപ,
ഒക്ടോബർ 145 രൂപ. നവംബറിൽ ഒറ്റയടിക്കു 50 രൂപ കുറഞ്ഞു. നവംബർ 95 രൂപ. ഡിസംബറിൽ വീണ്ടും കൂടി 110 രൂപയായി. ജനുവരി 110 രൂപ, ഫെബ്രുവരി 142 രൂപ. മാർച്ചിൽ 2 രൂപ കുറഞ്ഞുവെങ്കിലും പിന്നീട് വില കയറ്റം തന്നെയായി. മഴ പെയ്തു തുടങ്ങിയെങ്കിലും ജൂണിൽ കോഴി വില കുറയുമോ എന്നത് സംബന്ധിച്ച് വ്യാപാരികൾക്കു ഉറപ്പ് പറയാൻ കഴിയുന്നില്ല.