150 രൂപ തിരികെ നൽകിയില്ല; ആസിഡ് ഒഴിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവ്
Mail This Article
കാസർകോട് ∙ മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിന്റെയും 150 രൂപ തിരിച്ച് നൽകാത്തതിന്റെയും വിരോധത്തിൽ യുവാവിനെ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ 10 വർഷത്തെ കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കാൻ വിധിച്ചു. പാലക്കാട് കിഴക്കാഞ്ചേരി കുരുന്തോട്ടിക്കൽ വീട്ടിൽ ബി.എം.ജോണിനെ (63) ആണ് അഡിഷനൽ ജില്ലാ ജഡ്ജി അചിന്ത്യരാജ് ആണ് ശിക്ഷിച്ചത്.
ബിട്ടിക്കല്ലിലെ ടി.അരവിന്ദാക്ഷനെ കൊളത്തൂർ ചരക്കടവിൽ വച്ച് 2021 നവംബർ 17ന് വൈകിട്ട് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കൃഷിയിടത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞതിനെ ചോദ്യം ചെയ്തതിന്റെയും പ്രതിക്ക് കൊടുക്കാനുള്ള 150 രൂപ തിരികെ കൊടുക്കാത്തതിന്റെയും വിരോധത്തെത്തുടർന്നു പ്രതി റബർ പാലിൽ ചേർക്കുന്ന ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സാരമായി പൊള്ളലേറ്റ അരവിന്ദാക്ഷൻ ദിവസങ്ങളോളം ചികിത്സയിലായിരുന്നു.അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് അന്നത്തെ ബേഡകം സിഐ ആയിരുന്ന ടി.ഉത്തംദാസ് ആണ്. കുറ്റപത്രം സമർപ്പിച്ചത് സിഐ കെ.ദാമോദരനാണ്. പ്രോസിക്യൂഷന് വേണ്ടി ജില്ല അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സതീശൻ കോടതിയിൽ ഹാജരായി