കുവൈത്ത് തീപിടിത്തം: അഗ്നിയിൽ വെന്തെരിഞ്ഞ് സ്വപ്നങ്ങൾ; നാടിന്റെ നൊമ്പരമായി അവർ രണ്ടുപേർ
Mail This Article
കാസർകോട്∙ കുവൈത്ത് മാംഗഫിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ ജില്ലയിൽ നിന്നുള്ള രണ്ടു പേരുടെ മരണം നാടിന്റെ നൊമ്പരമായി. സൗത്ത് തൃക്കരിപ്പൂരിലെ തെക്കുമ്പാട് താമസിക്കുന്ന പൊൻമലേരി കുഞ്ഞിക്കേളു (58) ചെർക്കള കുണ്ടടുക്കത്തെ കെ.രഞ്ജിത്ത് (34) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നതെങ്കിലും സന്ധ്യയോടെയാണു മരണവിവരം സ്ഥിരീകരിച്ചത്.
വേദനയായി കുഞ്ഞിക്കേളു
വിദേശത്തെ തൊഴിൽ അവസാനിപ്പിച്ച് നാട്ടിൽ ജീവിതം തുടങ്ങാനുള്ള തൃക്കരിപ്പൂർ തെക്കുമ്പാട്ടെ പി.കുഞ്ഞിക്കേളുവിന്റെ തീരുമാനം അഗ്നിയിൽ വെന്തെരിഞ്ഞപ്പോൾ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ കരിഞ്ഞു. ഇന്നലെ കുവൈത്തിലെ മാംഗഫ് പ്രദേശത്തെ തൊഴിലാളി ക്യാംപിൽ ഉണ്ടായ തീപിടിത്തത്തിൽ മറ്റു നാൽപതിൽ പരം പേർക്കൊപ്പം മരിച്ച പിലിക്കോട് എരവിൽ സ്വദേശിയും തൃക്കരിപ്പൂർ തെക്കുമ്പാട് താമസക്കാരനുമായ കുഞ്ഞിക്കേളു ഗൾഫ് ജീവിതം ഈ വർഷം അവസാനത്തോടെ മതിയാക്കാൻ തീരുമാനിച്ചതായിരുന്നു.
2 പതിറ്റാണ്ടിലധികമായി വിദേശത്ത് തുടരുന്ന കുഞ്ഞിക്കേളു, കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഒടുവിൽ നാട്ടിലെത്തി തിരിച്ചു പോയത്. കുവൈത്തിൽ ഭേദപ്പെട്ട കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോൾ ഗൾഫ് ജീവിതം മതിയെന്നു വീട്ടുകാരും പറഞ്ഞതാണ്.
ഇത്തവണ കൂടി പോയ് വന്നിട്ട് മതിയാക്കാമെന്നും ബാക്കി നാട്ടിൽ തന്നെയാകാം എന്നു പറഞ്ഞാണ് മടങ്ങിയത്. ഡിസംബറോടെ തിരിച്ചു വരാമെന്നായിരുന്നു പറഞ്ഞത്. ജീവിതത്തിന്റെ വലിയൊരു ഭാഗവും വിദേശത്തും കേരളത്തിനു പുറത്തും എൻജിനീയറിങ് ജോലിയിലായതിനാൽ നാട്ടിൽ വലിയ ബന്ധങ്ങളൊന്നും സൂക്ഷിച്ചില്ല. പൊതുവെ സൗമ്യനായ കുഞ്ഞിക്കേളുവിന്റെ വിയോഗം ഞെട്ടലായി. കുഞ്ഞിപ്പുരയിൽ കേളു അടിയോടിയുടെയും പി.പാർവതി അമ്മയുടെയും മകനാണ്. പിലിക്കോട് പഞ്ചായത്ത് ഓഫിസ് ജീവനക്കാരി കെ.എൻ.മണിയാണ് ഭാര്യ. വിദ്യാർഥികളായ കെ.എൻ.ഋഷികേശ്, ദേവ് കിരൺ എന്നിവർ മക്കളും പി.തമ്പായി, ലക്ഷ്മി, ഭവാനി, രാധ, കൃഷ്ണൻ, രാമചന്ദ്രൻ സഹോദരങ്ങളുമാണ്.
ഓർമയായത് നാടിന്റെ പ്രിയപ്പെട്ടവൻ
മുടങ്ങാതെയുള്ള മകന്റെ ഫോൺ വിളിക്കായി ഇന്നലെയും അമ്മ കാതോർത്തിരുന്നു. എന്നാൽ പതിവ് സമയത്ത് വിളിക്കാത്തതിനാൽ ആ ഫോണുമായിട്ടായിരുന്നു കുവൈത്തിൽ പൊള്ളലേറ്റ് മരിച്ച രഞ്ജിത്തിന്റെ അമ്മ കുണ്ടടുക്കത്തെ രുഗ്മണി തൊഴിലുറപ്പ് ജോലിക്കായി പോയത്.
പിന്നീട് മണിക്കൂർ കഴിഞ്ഞ് ഇളയമകൻ രജീഷിന്റെ ഫോൺ വിളിയെത്തി, ജേഷ്ഠനു ചെറിയ പൊള്ളലേറ്റു എന്ന വിവരമാണ് അമ്മയെ അറിയിച്ചത്. ഇതോടെ ജോലി സ്ഥലത്ത് നിന്നു വീട്ടിലെത്തിയ രുഗ്മണി മനസ്സ് നിറഞ്ഞു പ്രാർഥിച്ചത് മകനു വേണ്ടിയായിരുന്നു. പൊള്ളലേറ്റു എന്ന വിവരം മാത്രമായിരുന്നു അച്ഛനും സഹോദരി രമ്യയും അയൽവാസികളും അറിഞ്ഞു.
വൈകിട്ടോടെയാണു മരണവാർത്ത നാട്ടിലെത്തുന്നത്. എന്നാൽ ഇതു വീട്ടുകാരെ അറിയിക്കാതിരിക്കാനായി അയൽവാസികൾ ഏറെ പാടുപെട്ടു. ചാനലുകളിലെ വാർത്തകൾ കാണാതിരിക്കാനായി സമീപവാസികൾ ചേർന്നു കേബിൾ ബന്ധവും മുറിച്ചു. അമ്മയുടെയ പ്രിയപ്പെട്ട മകനായിരുന്നു രഞ്ജിത്ത് എന്നു അയൽവാസികൾ പറയുന്നു.
10 വർഷത്തിലേറെയായി ഗൾഫിലുള്ള രഞ്ജിത്ത് പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് ഒരു വർഷം മുൻപാണ് മടങ്ങിയത്. രണ്ടു മാസത്തിനുള്ളിൽ തിരിച്ചെത്തി വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. 2 വർഷം മുൻപ് ഗൾഫിൽ പോയ രജീഷ് സഹോദരന്റെ മരണം വിവരം അറിഞ്ഞ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.
നാട്ടിലെ കലാ–സാംസ്കാരിക–രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്ന രഞ്ജിത്ത് നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. കുവൈത്തിലെ വിവിധ സംഘടനകളുടെ പ്രവർത്തകൻ കൂടിയായിരുന്നു. കുവൈറ്റിലെ ഒരു കമ്പനിയിലെ സ്റ്റോർകീപ്പറായി ജോലി ചെയ്യുകയായിരുന്നു. കെ.രവീന്ദ്രന്റെയും രുഗ്മിണിയുടെയും മകനാണ്. രജീഷിനെ കൂടാതെ, രമ്യ സഹോദരിയുമാണ്.