ADVERTISEMENT

പാമ്പാടി ∙ മകന്റെ വരവും കാത്തിരുന്ന മാതാപിതാക്കൾക്ക് മുൻപിലേക്ക് പറഞ്ഞതിലും നേരത്തേ സ്റ്റെഫിൻ എത്തും, ഉറ്റവരോട് അന്ത്യയാത്ര പറയാൻ. കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച പാമ്പാടി ഇരുമാരിയേൽ സ്റ്റെഫിൻ അടുത്ത മാസം അവധിക്കു വരാനിരിക്കെയാണു ദുരന്തം ജീവൻ കവർന്നത്. വിവാഹം, പുതുതായി നിർമിച്ച വീടിന്റെ പൂർത്തീകരണം തുടങ്ങിയ സ്വപ്നങ്ങളെല്ലാം വിധിയുടെ കനലിൽ എരിഞ്ഞടങ്ങി.

കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു
കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു

എൻജിനീയറായി ജോലി നേടിയപ്പോൾ കുവൈത്തിൽ താൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് തന്നെ അനുജൻ ഫെബിനെയും കൊണ്ടുപോയി. ഇരുവരും രണ്ട് ഇടങ്ങളിലായിരുന്നു താമസം. രണ്ടുപേരും ഒരുമിച്ച് അവധിക്കായി വരാനായിരുന്നു തീരുമാനം. ഇതിനായി ടിക്കറ്റും എടുത്തിരുന്നു. സഹോദരന്റെ വിയോഗത്തിൽ തളർന്നു പോയ ഫെബിനും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് എത്തും.

ഐപിസി സഭയിലെ കീബോർഡിസ്റ്റായിരുന്നു സ്റ്റെഫിൻ. കുവൈത്തിലും സഭയിലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്ന സ്റ്റെഫിൻ നാട്ടിലും വിദേശത്തും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. കുവൈത്ത് സഭയിലെ പാസ്റ്ററാണ് സ്റ്റെഫിന്റെ വിയോഗം ആദ്യം വീട്ടിൽ വിളിച്ച് അറിയിക്കുന്നത്. വിദേശത്ത് നിന്നു മടങ്ങിയെത്തി വിശ്രമ ജീവിതം നയിക്കുന്ന പിതാവ് സാബു ഏബ്രഹാമിനും മാതാവ് ഷേർളിക്കും മകന്റെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല.

ജൂലൈയിൽ നാട്ടിൽ എത്തുമ്പോൾ വിവാഹം നടത്താനും വീടിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടത്താനും തീരുമാനിച്ചിരുന്നു. ഇപ്പോൾ വാടക വീട്ടിലാണ് മാതാപിതാക്കൾ താമസിക്കുന്നത്. ഇളയ സഹോദരൻ കെവിൻ ഇസ്രയേലിൽ പിഎച്ച്ഡി ചെയ്യുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com