എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ നടത്തിയ സമരം അവസാനിപ്പിച്ചു
Mail This Article
കാഞ്ഞങ്ങാട്∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടത്തുന്ന സമരം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് അവസാനിപ്പിച്ചു. 135 ദിവസമായി നടത്തി വരുന്ന സമരമാണ് ഇന്നലെ വൈകിട്ട് അവസാനിപ്പിച്ചത്. സമരപ്പന്തലിൽ സമര സമിതി ചേർന്ന യോഗത്തിലാണ് സമരം മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. ഉറപ്പ് പാലിച്ചിലെങ്കിൽ സമരം വീണ്ടും ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ഇ.ചന്ദ്രശേഖരൻ എംഎൽഎ, സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, എം.രാജഗോപാലൻ എംഎൽഎ, ആർ.അജയൻ തിരുവനന്തപുരം, സമരസമിതി അംഗങ്ങളായ പി.ഷൈനി, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ എന്നിവർ ചേർന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കാരണമില്ലാതെ ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കുക, മരുന്നും ചികിത്സയും നൽകുക, വിവാദ ഉത്തരവ് പിൻവലിക്കുക, സെൽ യോഗം ചേരുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉറപ്പു നൽകി.
ഇന്നലെ ചേർന്ന സമരസമിതി യോഗത്തിൽ സി.എച്ച്.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അജയകുമാർ കോടോത്ത്, മാധവൻ കരിവെള്ളൂർ, ഹക്കീം ബേക്കൽ, തമ്പാൻ വാഴുന്നോറടി, സതീദേവി എരമം, പ്രമീള ചന്ദ്രൻ, മധുസൂദനൻ കരിവെള്ളൂർ, ഗംഗാധരൻ ഏഴാംമൈൽ, ശ്രീധരൻ മടിക്കൈ, ജഗദമ്മ കാഞ്ഞങ്ങാട്, ഉഷ പിലിക്കോട്, കുമാരൻ കാടങ്കോട് , നാരായണൻ ബേഡടുക്ക, മനോജ് ഒഴിഞ്ഞ വളപ്പ്, നന്ദകുമാർ നീലേശ്വരം, ചരടൻ നായർ ബേഡടുക്ക, ഗീത ചെമ്മനാട്, ഭവാനി ബേളൂർ, തസ്രിയ ചെങ്കള, ബിന്ദു ആലയി, പ്രസന്ന കടപ്പുറം, കൃഷ്ണൻ മടിക്കൈ, ജയിൻ പി.വർഗീസ്, കമല പൈവെളികെ, ഫ്ളോറിൻ ഡിസൂസ മഞ്ചേശ്വരം, സൗദ കല്ലൂരാവി, ഔവാബി പള്ളിക്കര, ചന്ദ്രാവതി കാഞ്ഞങ്ങാട്, മിനി പള്ളിക്കര, തമ്പായി പിലിക്കോട്, സരസ്വതി അജാനൂർ, ജയന്തി കൊടക്കാട്, അവ്വമ്മ മഞ്ചേശ്വരം, കരുണാകരൻ കുറ്റിക്കോൽ, റാബിയ ചെമ്മനാട്, പി.ഷൈനി, ബേബി അമ്പിളി എന്നിവർ പ്രസംഗിച്ചു.