വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ സമ്മാനിച്ച് കൊല്ലൂരിലെ മലയാളി സമൂഹം
Mail This Article
കൊല്ലൂർ ∙ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മലയാളികളുടെ നേതൃത്വത്തിൽ സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ‌്തു. ജന്മാഷ്‌ടമി ദിനമായ വെള്ളിയാഴ്‌ച ക്ഷേത്രത്തിന് സമീപത്തെ ഓഡിറ്റോറത്തിൽ വച്ചു നടന്ന ചടങ്ങിലാണ് അഞ്ഞൂറിലധികം വിദ്യാർഥികൾക്ക് നോട്ട് ബുക്ക്, ബാഗ്, കുട, പെൻസിൽ, പേന, വാട്ടർ ബോട്ടിൽ, ജ്യോമിട്രി ബോക്‌സ് എന്നിവ അടങ്ങിയ കിറ്റ് നൽകിയത്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭക്തരുടെ സംഘടനയായ ശ്രീമൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഒരു വിദ്യാർത്ഥിക്ക് 12 നോട്ട് ബുക്കുകൾ എന്ന കണക്കിലാണ് കിറ്റ് ഒരുക്കിയത്. ഏകദേശം ആറായിരത്തിലധികം നോട്ടുബുക്കുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായി ട്രസ്‌റ്റ് ചെയർമാൻ അഡ്വ. ആർ.എസ് പ്രശാന്ത് അറിയിച്ചു. മൂകാംബിക ക്ഷേത്രത്തിന്റെ കീഴിലുള്ള സ്കൂൾ വിദ്യാർഥികൾക്കാണ് കിറ്റ് സമ്മാനിച്ചത്. കൂടാതെ ട്രൈബൽ മേഖലയിലെ സ്കൂളിലെ 100 വിദ്യാർഥികൾക്കും കിറ്റ് നൽകി. ചടങ്ങിൽ ക്ഷേത്രത്തിലെ പ്രധാന അർച്ചകരായ സുബ്രഹ്മണ്യ അഡിഗ, നരസിംഹ അഡിഗ, ശ്രീധര അഡിഗ എന്നിവർ പങ്കെടുത്തു.