ADVERTISEMENT

തൃക്കരിപ്പൂർ ∙ പോയകാലത്തിന്റെ നാട്ടുമാമ്പഴ സമൃദ്ധി തിരികെ പിടിക്കാനുള്ള തൃക്കരിപ്പൂർ പഞ്ചായത്തിന്റെയും ബിഎംസിയുടെയും പരിശ്രമങ്ങളിൽ ഉണർവും ഉൗർജവും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുവർഷം മുൻപ് വച്ചുപിടിച്ച നാട്ടുമാവുകളും ഫലവൃക്ഷങ്ങളും സംരക്ഷിക്കുന്നതിന് ജൈവ സംരക്ഷണവേലി നിർമാണം തുടങ്ങി.

നാടൻമാങ്ങകൾ നൽകിയ ജീവിതം മറക്കാതിരിക്കുന്ന തലമുറയിൽ നിന്നു ഉപദേശവും സഹകരണവും സ്വീകരിച്ച് നട്ടുപിടിപ്പിച്ച വിവിധ ഇനം മാവിൻ ചെടികളുണ്ട്. വിവിധ ഗ്രാമങ്ങളിൽ‌ നിന്നു ശേഖരിച്ച 30 ൽപരം ഇനങ്ങളിൽ നല്ലൊരു പങ്കും തല ഉയർത്തി തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ സപ്പോട്ട, പേരയ്ക്ക, പുനാർ പുളി, പ്ലാവ്, നെല്ലി, റംബൂട്ടാൻ തുടങ്ങിയ ഫലവൃക്ഷങ്ങളുമുണ്ട്. 

നാടൻമാവുകളും മറ്റു ഫലവൃക്ഷങ്ങളും ഉൾപ്പെടെ 2500 ചെടികളാണ് വച്ചു പിടിപ്പിച്ചത്. ഇതിൽ 1800 ൽ പരം ചെടികളും തല ഉയർത്തിയിട്ടുണ്ട്. ഇവയെ നല്ലനിലയിൽ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് പഞ്ചായത്തും ബിഎംസിയും നടത്തുന്നത്. മുളങ്കമ്പുകളും മറ്റും ഉപയോഗിച്ച് വേലികൾ കെട്ടിത്തുടങ്ങിയിട്ടുണ്ട്. സംരക്ഷണത്തിനൊപ്പം സൗന്ദര്യവൽക്കരണം കൂടി ലക്ഷ്യമിടുന്നുണ്ട്. 

നിലവിൽ നടക്കാവ് മേഖലയിൽ 6 ഇടങ്ങളിൽ സംരക്ഷണ വേലി നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. ശേഷിക്കുന്ന സ്ഥലങ്ങളിലും എത്രയും വേഗം സംരക്ഷണ വേലി നിർമാണം പൂർത്തിയാക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ മലയാള മനോരമയോടു പറഞ്ഞു. വെള്ളം കെട്ടി നിൽക്കുന്ന ഇടങ്ങളിൽ പ്രത്യേകം കുന്നുകളാക്കിയാണ് വൃക്ഷങ്ങൾ നട്ടതെന്നും ബാവ വിശദീകരിച്ചു.സംരക്ഷണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ഹരിതവീഥി പദ്ധതിയിൽ അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com