ADVERTISEMENT

കാസർകോട്∙ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റാനിരുന്ന തേന്മാവ് വേരോടെ പിഴുതിമാറ്റി അടുക്കത്ത്ബയൽ ഗവ.യുപി സ്കൂൾ മുറ്റത്ത് പറിച്ചു നട്ടിട്ട് 2 വർഷം. പുനർ ജന്മത്തിൽ 2 വയസ്സ് പിന്നിട്ട് മാവിനു സമീപം ഇന്നലെ പരിസ്ഥിതി പ്രവർത്തകരും വിദ്യാർഥികളും സംഘടനാ പ്രതിനിധികളും ഉൾപ്പെടെ ഒത്തു കൂടി ഓർമകൾ പങ്കുവച്ചു.

2006 ഡിസംബർ 3 ന് കാസർകോട് പീപ്പിൾസ് ഫോറം നേതൃത്വത്തിൽ ഒരുക്കിയ പരിപാടിയിൽ കവയത്രി സുഗതകുമാരി ആയിരുന്നു കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഈ മാവ് നട്ടത്. ഇതിനു സമീപത്തെ 3 തണൽ മരങ്ങൾ വിഷം കൊടുത്തു നശിപ്പിക്കാൻ ശ്രമിച്ചതിനെതിരെ കാസർകോട് പീപ്പിൾസ് ഫോറം നടത്തിയ മരം സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു അത്. 

നാടിന്റെ പുഴയുടെ പേര് പയസ്വിനി എന്ന നാമം സുഗതകുമാരി 3 തവണ വിളിച്ചു പറഞ്ഞപ്പോൾ അത് ഈ മാവിന്റെ പേരായി. മാവ് പൂത്തുലഞ്ഞു നിൽക്കുന്നതിനിടെ വന്ന ദേശീയപാത വികസനം ഈ മരങ്ങൾക്കു മരണ വാറന്റായി.  കാസർകോട് പീപ്പിൾസ് ഫോറം കലക്ടറുമായി ബന്ധപ്പെടുകയും കലക്ടർ റോഡ് വികസന നിർമാണം നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരുമായി ബന്ധപ്പെട്ട് മാവ് നിലനിർത്തേണ്ട പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തു. 

അങ്ങനെയാണ് 2 വർഷം മുൻപ് ഇതിന്റെ വേരുകൾക്ക് ഒന്നിനും മുറിവ് പറ്റാതെ ക്രെയിൻ ഉപയോഗിച്ച് എടുത്തു മാറ്റി ലോറിയിൽ കയറ്റി അടുക്കത്ത്ബയൽ സ്കൂൾ മുറ്റത്ത് റീ പ്ലാന്റ് ചെയ്തത്. നിലനിൽക്കുമോ എന്ന ആശങ്ക പലരും പ്രകടിപ്പിച്ചെങ്കിലും കുട്ടികളുടെയും അധ്യാപകരുടെയും സ്നേഹവും തലോടലും ആ ആശങ്ക അകറ്റി. മരത്തിനു ചുറ്റും ഭംഗി കൂട്ടി ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com