പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹ സൽക്കാര വിവാദം: കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കും
Mail This Article
കാസർകോട് ∙ പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസി നേതൃത്വം നടപടിയെടുക്കും. നാളെ ചേരുന്ന കെപിസിസി നിർവാഹക സമിതി യോഗത്തിനു ശേഷം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.
വിവാദവുമായി ബന്ധപ്പെട്ട് കാസർകോട് കോൺഗ്രസിലുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എൻ.സുബ്രഹ്മണ്യൻ, കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് എന്നിവരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ചുമതലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം 29ന് ജില്ലയിലെത്തി തെളിവെടുപ്പ് നടത്തിയ ഇവർ കഴിഞ്ഞയാഴ്ച റിപ്പോർട്ട് കെപിസിസി അധ്യക്ഷനു കൈമാറിയിരുന്നു.രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി ഭാരവാഹികൾ, വിവിധ പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ അറുപതോളം പേരാണു സമിതി മുൻപാകെ തെളിവു നൽകാനെത്തിയത്.
കല്യോട്ടെത്തിയ സമിതിയംഗങ്ങൾ ശരത്‌ലാലിന്റെ പിതാവ് പി.കെ.സത്യനാരായണൻ, കൃപേഷിന്റെ പിതാവ് പി.വി.കൃഷ്ണൻ എന്നിവരിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു.കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ഉദുമ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റും യുഡിഎഫ് ഉദുമ നിയോജക മണ്ഡലം ചെയർമാനുമായ രാജൻ പെരിയ, പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രമോദ് പെരിയ, പെരിയ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.രാമകൃഷ്ണൻ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ തുടങ്ങിയവർക്കെതിരേ നടപടി വേണമെന്ന പരാമർശങ്ങളടങ്ങിയ റിപ്പോർട്ടാണ് സമിതിയംഗങ്ങൾ നൽകിയതെന്നാണ് സൂചന.
സംഭവം വിവാദമായതോടെ പ്രമോദ് പെരിയയെ മണ്ഡലം പ്രസിഡന്റു സ്ഥാനത്തു നിന്നു നീക്കിയിരുന്നു. വിവാദം സംബന്ധിച്ച് നവമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയതിനാണ് ജവാദ് പുത്തൂരിനെതിരെ റിപ്പോർട്ടിൽ പരാമർശം വരാൻ കാരണം.
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നേതാക്കളുടെ നടപടിക്കെതിരെ തുടക്കത്തിലേ രംഗത്തു വന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപി ഇവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ്.
കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ 13–ാം പ്രതിയായ സിപിഎം പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണന്റെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കുകയും പ്രതിയായ സിപിഎം നേതാവിനൊപ്പം നിന്ന് നേതാക്കളിൽ ചിലർ ഫോട്ടോയെടുക്കുകയും ചെയ്തതാണ് വിവാദമായത്. മേയ് 7 ന് പെരിയ മൊയോലത്തെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ സൽക്കാരച്ചടങ്ങ്.