ADVERTISEMENT

കാസർകോട് ∙ കോടികൾ മുടക്കിയ ടാറ്റ കോവിഡ് ആശുപത്രി വെട്ടിപ്പൊളിച്ച് ഇനി ചായക്കടയായും കാട്ടിലെ വിശ്രമകേന്ദ്രമായും സിമന്റും കമ്പിയും സൂക്ഷിക്കുന്ന ഗോഡൗണായും മാറും. 60 കോടിയിലേറെ മുടക്കിയ ആശുപത്രി പൊളിച്ചു നീക്കുന്നതിന്റെ മാനക്കേട് ഒഴിവാക്കാൻ കൂടിയാണ് പൊളിക്കുന്ന കണ്ടെയ്നറുകൾ ഉപയോഗപ്പെടുത്താൻ അധികൃതർ വഴി കണ്ടെത്തിയത്. കോവിഡ് ചികിത്സയ്ക്കായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിർമിച്ച‌ു നൽകിയ തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ.ആശുപത്രിയുടെ പ്രീഫാബ്രിക്കേറ്റഡ് കണ്ടെയ്നറുകൾ അഴിച്ചെടുത്ത് സർക്കാരിന്റെ വിവിധ വകുപ്പുകൾക്കു കൈമാറുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതേസ്ഥലത്ത് ആരംഭിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിന് കെട്ടിടം പണിയുന്നതിന് നിർമാണ സ്ഥലത്തെ 24 കണ്ടെയ്നറുകളാണ് ആദ്യഘട്ടത്തിൽ മാറ്റുന്നത്. ജില്ലാ നിർമിതി കേന്ദ്രം 4, ഹാർബർ എൻജിനീയറിങ് വകുപ്പ് 10, ഡിടിപിസി 4, വനംവകുപ്പ് 2, മത്സ്യഫെഡ് 4 എന്നിങ്ങനെ കണ്ടെയ്നറുകൾ ഇവിടെ നിന്ന് പൊളിച്ചു കൊണ്ടുപോകും.

കൃത്യമായ അറ്റകുറ്റപ്പണിയും പരിചരണവും നടത്താതെ കണ്ടെയ്നറുകൾ നശിച്ചത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ആശുപത്രിയുടെ വികസനം ചർച്ച ചെയ്യുന്നതിനായി സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ക്രിട്ടിക്കൽ കെയർ നിർമിക്കുന്ന സ്ഥലത്തുള്ള കണ്ടെയ്നറുകൾ മാറ്റി ആവശ്യമുള്ള സർക്കാർ വകുപ്പുകൾക്കു നൽകാൻ തീരുമാനിച്ചത്. ഇതുപ്രകാരം ലഭിച്ച അപേക്ഷകൾ മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധിച്ച ശേഷമാണ് അനുവദിച്ചത്. കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിനുള്ള ചെലവ് അതതു വകുപ്പുകൾ വഹിക്കും.3 ബ്ലോക്കുകളിലായി 128 കണ്ടെയ്നറുകളാണ് കോവിഡ് ആശുപത്രിക്കായി ആകെ ഉപയോഗിച്ചിട്ടുള്ളത്. സർക്കാർ ആവശ്യം കഴിഞ്ഞാൽ കണ്ടെയ്നറുകൾ സ്വകാര്യ വ്യക്തികൾക്കും ടെൻഡർ ചെയ്തു നൽകും.

വരുന്നു, ക്രിട്ടിക്കൽ കെയർ യൂണിറ്റ്
∙ ടാറ്റ ഗ്രൂപ്പ് സിഎസ്ആർ ഫണ്ടിൽ നിന്ന് 60 കോടിയോളം രൂപ ചെലവഴിച്ചു പ്രീഫാബ്രിക്കേറ്റഡ് രീതിയിൽ നിർമിച്ച ആശുപത്രി 2020 ഒക്ടോബറിലാണ് പ്രവർത്തനം തുടങ്ങിയത്. റോഡ്, വൈദ്യുതി എന്നിവയ്ക്കായി 12 കോടി രൂപയോളം സർക്കാരും ചെലവഴിച്ചു. കോവിഡ് കഴിഞ്ഞതോടെ ആശുപത്രി പൂട്ടിക്കിടക്കുകയായിരുന്നു. ഇതിനു പകരമാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത്- ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (പിഎംഎബി-എച്ച്ഐഎം) പ്രകാരം 23.75 കോടി രൂപയാണ് ഇതിനു ചെലവഴിക്കുന്നത്. 3 നിലകളിൽ 45,000 ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുക. ഐസിയു, ട്രോമാ കെയർ, ഓപ്പറേഷൻ തയറ്റർ, കാഷ്വൽറ്റി തുടങ്ങിയവ ഉണ്ടാകും. എൻഎച്ച്എം ഫണ്ടിൽ ഒപി ബ്ലോക്ക് ഇതിനു പുറമേ നിർമിക്കും. ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജില്ലാ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായിട്ടാണു ക്രിട്ടിക്കൽ കെയർ യൂണിറ്റ് പ്രവർത്തിക്കുക.

കണ്ടെയ്നറുകളുടെ ഭാവി
വിവിധ സർക്കാർ വകുപ്പുകൾ ഏറ്റെടുക്കുന്ന കണ്ടെയ്നറുകൾ
∙ജില്ലാ നിർമിതി കേന്ദ്രം (2 എണ്ണം) ദേശീയപാതയോരത്ത് ടേക് എ ബ്രേക്ക് സ്റ്റാൾ, ബീച്ചിൽ സ്നാക് സ്റ്റാൾ എന്നിവ തുടങ്ങുന്നതിന്.
∙മത്സ്യഫെഡ് (4 എണ്ണം) വിവിധ ഓഫിസ് ആവശ്യത്തിനും സാധനങ്ങൾ സൂക്ഷിക്കാനും.
∙ഹാർബർ എൻജിനീയറിങ് വകുപ്പ് (10 എണ്ണം)
∙വനംവകുപ്പ് (2 എണ്ണം) കാട്ടിൽ വനപാലകരുടെ വിശ്രമത്തിന്.
∙ഡിടിപിസി (4 എണ്ണം) ചെമ്പിരിക്ക, അഴിത്തല, കണ്വതീർഥ തുടങ്ങിയ ബീച്ചുകളിൽ കോഫി കഫേ തുടങ്ങുന്നതിന്.

English Summary:

Tata Hospital Kasargod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com