ADVERTISEMENT

തിരൂർ ∙ കുട്ടി ഗേറ്റിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഇതുവഴി വന്ന അധ്യാപകൻ കൂടിയായ നാട്ടുകാരൻ എൻ.കെ.അമീർ കണ്ടത്. ഗേറ്റ് തുറക്കാൻ ഇവിടെ വന്നവർക്ക് സാധിച്ചില്ല. ഇതോടെ അമീർ വിദേശത്തായിരുന്ന വീട്ടുകാരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. ഇവർ വഴി ഫോണിലെ ആപ്പ് ഉപയോഗിച്ചാണ് ഗേറ്റ് തുറന്നത്. തുടർന്നാണ് കുട്ടിയെ അമീറിന്റെ നേതൃത്വത്തിൽ അടുത്തുള്ള ആശുപത്രിയിലേക്കും തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചത്. 

ഉച്ചകഴിഞ്ഞ് 3.50നു ശേഷമാണ് സിനാൻ വീട്ടിൽ നിന്നിറങ്ങിയത്. 4.10നു ശേഷമാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് നാട്ടുകാർ കണ്ടതും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതും. കുട്ടിയെ പുറത്തെടുക്കാൻ സാധിക്കാതെ വന്ന വിഷമത്തിലാണ് ഓട്ടോ ഡ്രൈവർ താനാളൂർ കോരക്കാവ് സ്വദേശി നൗഷാദ്. ഇതുവഴി ഓട്ടം വന്നതാണ് നൗഷാദ്. ഗേറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മതിലിന്റെ മറ്റൊരു ഭാഗത്ത് ചെറിയൊരു ഗേറ്റുണ്ട്. ഇതുവഴി അകത്തു കയറാൻ ശ്രമിച്ചെങ്കിലും വീട്ടിൽ ആളില്ലാത്തതു കാരണം അതു പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതോടെ ഇവർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സേന ഇങ്ങോട്ടു പുറപ്പെട്ട് വൈലത്തൂരിൽ എത്തിയപ്പോഴേക്ക് അമീർ അറിയിച്ചതനുസരിച്ച് ഫോൺ സംവിധാനത്തിലൂടെ ഗേറ്റ് തുറക്കുകയായിരുന്നു. 

പഠനത്തിലും കായികരംഗത്തും മിന്നും താരം
∙ പഠനത്തിലും കായിക മത്സരങ്ങളിലും ഏറെ മുന്നിൽ നിൽക്കുന്ന മുഹമ്മദ് സിനാനുമായി സ്കൂളിലെ അധ്യാപകർക്കെല്ലാം ഏറെ അടുപ്പമുണ്ടായിരുന്നു.  ഇനി അവൻ സ്കൂളിലേക്കില്ലല്ലോ എന്ന ദുഃഖം അലട്ടുകയാണ് അവരെ. മരണവിവരം അറിഞ്ഞ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീബ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു. കൂടെയുണ്ടായിരുന്ന പ്രിൻസിപ്പൽ മുസല്യാർ സജീർ, സ്കൂൾ അധികൃതരായ അബ്ദുറഹ്മാൻ മുഈനി, കെ.ഹനീഫ, എൻ.എം.സുഹൈൽ എന്നിവരുടെ കണ്ണുകളും ഈറനണിഞ്ഞു. എംഇടി തിരൂർ സെൻട്രൽ സ്കൂളിൽ നാലാം ക്ലാസിലാണ് സിനാൻ പഠിച്ചിരുന്നത്. 

ഇവിടെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യുക്കേഷൻ നടത്തിയിരുന്ന ഐ – സെറ്റ് സ്കോളർഷിപ് സ്വർണ മെഡലോടെ സിനാൻ നേടിയിരുന്നു. കഴിഞ്ഞ വർഷം വെങ്കല മെഡലും നേടി. ഇത്തവണ ഈ സ്കോളർഷിപ് മികച്ച വിജയത്തോടെ സിനാൻ നേടുമെന്ന പ്രതീക്ഷയിലായിരുന്നു സ്കൂൾ അധികൃതർ. പെരുന്നാൾ പ്രമാണിച്ച് വ്യാഴാഴ്ച വരെ സ്കൂളിന് അവധിയായിരുന്നു.കുട്ടിയുടെ മരണം സംഭവിച്ചതോടെ സ്കൂളിന് അവധി നൽകി. ഇന്ന് വീണ്ടും സ്കൂൾ തുറക്കുമ്പോൾ നാലാം ക്ലാസിലെ സിനാൻ ഇരുന്ന ഇരിപ്പിടം ഒഴിഞ്ഞു കിടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com