അടൽ സേതു: തുറന്നിട്ട് 6 മാസം; അഭിമാന പാതയിൽ അര കിലോമീറ്റർ ദൂരത്തിൽ അപകട വിള്ളൽ
Mail This Article
മുംബൈ∙ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ അടൽ സേതു കടൽപാലത്തിലെ അപ്രോച്ച് റോഡിൽ വിള്ളൽ. മുംബൈയും നവിമുംബൈയും തമ്മിൽ ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ ദൈർഘ്യമുള്ള ശിവ്‌രി–നാവസേവാ കടൽപാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് 6 മാസത്തിനുള്ളിലാണ് പാതയിൽ വിള്ളൽ കണ്ടെത്തിയത്. നവിമുംബൈയിലെ ഉൾവെയിൽ നിന്നു പാലത്തിലേക്കുള്ള അപ്രോച്ച് റോഡാണ് മഴയ്ക്കു പിന്നാലെ വിണ്ടുകീറിയത്.
17,843 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച പാലത്തിൽ വിള്ളൽ കണ്ടെത്തിയതോടെ പദ്ധതിക്കു പിന്നിൽ വലിയ അഴിമതിയുണ്ടെന്ന ആരോപണവുമായി മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് നാനാ പഠോളെ രംഗത്തെത്തി. പാലത്തിൽ പരിശോധന നടത്തിയ അദ്ദേഹം സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. പാലത്തിന്റെ നിർമാണ നിലവാരം മോശമാണെന്നും ചിലയിടങ്ങളിൽ ഒരടിയോളം റോഡ് ഇടിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഉദ്യോഗസ്ഥർക്കെതിരെയും പഠോളെ കടുത്ത വിമർശനം ഉയർത്തി. യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്ന വിധത്തിലുള്ള വിള്ളലുകളാണ് രൂപപ്പെട്ടിരിക്കുന്നത്. വേഗം പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു. അതേസമയം, പാലത്തിന് പ്രശ്നങ്ങളില്ലെന്നും അപ്രോച്ച് റോഡിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നതെന്നുമാണ് നിർമാണച്ചുമതല ഉണ്ടായിരുന്ന എംഎംആർഡിഎ നൽകിയിരിക്കുന്ന വിശദീകരണം. വിള്ളലുകൾ റോഡിന്റെ അരികിലാണ്. ഉടൻ അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നം പരിഹരിക്കുമെന്നും വ്യക്തമാക്കി.
വിള്ളൽ അര കിലോമീറ്റർ ദൂരത്തിൽ
ഉൾവെയിൽ അപ്രോച്ച് റോഡിൽ അര കിലോമീറ്റർ ദൂരത്തിലാണ് വിള്ളലുകൾ ഉണ്ടായിരിക്കുന്നത്. കുറച്ചുഭാഗം താഴേക്ക് ഇടിഞ്ഞു താഴ്ന്നിട്ടുമുണ്ട്. 75000 വാഹനങ്ങൾ ദിവസേന കടന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്ന ട്രാൻസ്ഹാർബർ ലിങ്കിലൂടെ ദിവസേന പതിനായിരത്തോളം വാഹനങ്ങൾ മാത്രമാണ് കടന്നു പോകുന്നത്.
ദക്ഷിണ മുംബൈയിലെ ശിവ്‌രിയെയും നവിമുംബൈയിലെ നാവസേവയെയും കൂട്ടിമുട്ടിക്കുന്നതാണ് പാലം. 16.5 കിലോമീറ്റർ കടലിന് മുകളിലൂടെയും ശേഷിക്കുന്ന ഭാഗം അപ്രോച്ച് റോഡുമാണ്.
തീരദേശ റോഡിലെ ടണലിലും ചോർച്ച
അടുത്തിടെ തുറന്ന മറൈൻ ലൈൻസ്–വർളി തീരദേശ റോഡിലെ തുരങ്കത്തിൽ വിള്ളലും ചോർച്ച കണ്ടെത്തിയിരുന്നു. പ്രതിഷേധം ഉയരുന്നതിനിടെയാണ് മറ്റൊരു പദ്ധതിയിലും വീഴ്ചയുടെ വിവരങ്ങൾ പുറത്തു വരുന്നത്. ആയിരക്കണക്കിന് കോടി മുടക്കിയുള്ള പല പദ്ധതികൾക്കു പിന്നിലും വൻ അഴിമതിയുണ്ടെന്ന ആരോപണം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ സർക്കാരിനു തലവേദനയാകും.