ശമ്പളം നൽകാതെ ബ്രെത്തലൈസർ ടെസ്റ്റിന് വിസമ്മതിച്ചു; ഡ്രൈവറെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി
Mail This Article
കാഞ്ഞങ്ങാട്∙ ശമ്പളവും ആനുകൂല്യങ്ങളും നൽകാതെ ബ്രെത്തലൈസറിൽ ഊതില്ലെന്ന് വാശി പിടിച്ച ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്നു മാറ്റിനിർത്തിയെന്ന് ആരോപണം. ഡ്യൂട്ടിയിൽ നിന്നു ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഡ്രൈവർ സബ് ഡിപ്പോയിലിരുന്ന് പ്രതിഷേധിച്ചു. കെഎസ്ആർടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോയിലാണ് ഇന്നലെ പുലർച്ചെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കേരള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ സെക്രട്ടറിയും ചുള്ളിക്കര സ്വദേശിയുമായ ഡ്രൈവർ വിനോദ് ജോസഫാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാവിലെ 7ന് കാഞ്ഞങ്ങാട് നിന്നു പുറപ്പെടുന്ന പാണത്തൂർ-ഇരിട്ടി ബസിലെ ഡ്രൈവറാണ് വിനോദ്. പുലർച്ചെ ജോലിക്കായി വീട്ടിൽ നിന്നു കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ എത്തി. ഈ സമയത്ത് ബ്രെത്തലൈസറുമായി ഇൻസ്പെക്ടർമാർ ഡ്രൈവർമാരെ പരിശോധിക്കുന്നുണ്ടായിരുന്നു. ഡിപ്പോയിൽ എത്തിയ വിനോദ് പഞ്ച് ചെയ്ത ശേഷം ബസ് മാറ്റിയിടുകയും ലോഗ് ഷീറ്റ് കൈപ്പറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് ഇദ്ദേഹത്തോട് ബ്രെത്തലൈസറിൽ ഊതാൻ ആവശ്യപ്പെട്ടത്. എന്നാൽ, ജൂൺ 22 ആയിട്ടും ശമ്പളം നൽകാതെ ഇത്തരം നടപടികൾ മാത്രമായി മുന്നോട്ട് പോകുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഊതില്ലെന്ന് വാശി പിടിച്ചു.
ഊതിയില്ലെങ്കിൽ ഡ്യൂട്ടിയിൽ കയറേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരും വാശി പിടിച്ചു. ഊതാതെ മാറി നിന്ന ഇദ്ദേഹത്തെ പിന്നീട് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി. ലോഗ് പേപ്പറും തിരിച്ചു വാങ്ങി. ഇതിൽ പ്രതിഷേധിച്ചാണ് വിനോദ് ഡിപ്പോയിൽ കുത്തിയിരിപ്പ് തുടങ്ങിയത്. രാവിലെ 7ന് തുടങ്ങിയ കുത്തിയിരിപ്പ് 9.30 വരെ നീണ്ടു. ഇതിനിടയിൽ രക്തസമ്മർദം ഉയർന്നു അവശനിലയിലായതോടെ സഹപ്രവർത്തകർ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം വിനോദ് വീട്ടിലേക്ക് മടങ്ങി.
ജൂൺ 22 ആയിട്ടും ശമ്പളം കിട്ടിയിട്ടില്ല. മേയ് മാസത്തെ ശമ്പളം 1 ഗഡു മാത്രമേ കിട്ടിയിട്ടുള്ളൂ. നാഷനൽ പെൻഷൻ സ്കീമിലേക്ക് എല്ലാ മാസവും ശമ്പളത്തിൽ നിന്നു 10% പിടിക്കുന്നുണ്ട്. ഇത് എവിടെ അടച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇൻഷുറൻസ് തുക ശമ്പളത്തിൽ നിന്നു പിടിക്കുന്നതല്ലാതെ ഒരാനുകൂല്യവും കിട്ടുന്നില്ല. ഇതിനെല്ലാം വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് താൻ പ്രതിഷേധിച്ചതെന്ന് വിനോദ് പറഞ്ഞു. ‘ആദ്യം ശമ്പളം താ എന്നിട്ടു ഊതാമെന്നാണ്’ താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.