ADVERTISEMENT

മുള്ളേരിയ∙ചോദ്യമെന്തെന്ന് മനസ്സിലാക്കാനാകാതെ പരീക്ഷ എഴുതിയിട്ടുണ്ടോ..? എങ്കിൽ അത്തരമൊരു ഗതികേടിലാണ് ഹയർസെക്കൻഡറി തുല്യത പരീക്ഷ എഴുതുന്ന, കന്നഡ മാതൃഭാഷയായവർ. പരീക്ഷ എഴുതുന്നത് കന്നഡയിലാണ്. എന്നാൽ കിട്ടിയ ചോദ്യപേപ്പറോ. ഇംഗ്ലിഷിലും മലയാളത്തിലും. കഷ്ടപ്പെട്ട്, സമയം കണ്ടെത്തി, പ്രായപരിമിതികൾക്കിടയിലും 10 മാസത്തോളം പഠിച്ചവർക്കാണ് ചോദ്യമെന്തെന്ന് മനസ്സിലാക്കാനാകാതെ പരീക്ഷ എഴുതേണ്ടി വരുന്നത്. ജില്ലയിൽ കന്നഡ പഠിതാക്കൾക്ക് കാസർകോട് ബിഇഎം ഹയർസെക്കൻഡറി സെക്കൻഡറി സ്കൂൾ, കുമ്പള ഗവ.ഹയർസെക്കൻഡറി സ്കൂൾ, മുള്ളേരിയ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രം. കാസർകോട്, കുമ്പള പരീക്ഷാ കേന്ദ്രങ്ങളിൽ അര മണിക്കൂർ മുൻപ് ചോദ്യങ്ങൾ കന്നഡയിൽ പറഞ്ഞു കൊടുക്കും. അത് പകർത്തി പഠിതാക്കൾ പിന്നീട് ഉത്തരം എഴുതുന്നതാണ് രീതി. എന്നാൽ മുള്ളേരിയ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഈ സൗകര്യം പോലും അനുവദിച്ചിട്ടില്ല. കഴിഞ്ഞ വർഷംവരെ അതുണ്ടായിരുന്നു.

പുസ്തകങ്ങളും പഠനവും കന്നഡയിൽ ആണ്. തുല്യതാ പഠനത്തിന്റെ അഞ്ചാം ബാച്ചാണിത്. എന്നിട്ടും കന്നഡ പാഠാവലി ഒഴികെ പഠിതാക്കൾക്ക് കന്നഡയിൽ തന്നെ ചോദ്യങ്ങൾ അച്ചടിച്ചു നൽകാൻ കഴിഞ്ഞില്ല. 10 മാസത്തോളാണ് തുല്യതാ പഠനം നടത്തുന്നത്. അതും ആഴ്ചയിൽ ഞായറാഴ്ച മാത്രം. രാവിലെയും ഉച്ച കഴിഞ്ഞും ആയി ആകെ 3 മണിക്കൂർ ക്ലാസ്. 10 മാസത്തിൽ ചുരുങ്ങിയത് 30 ക്ലാസ്. ഇതിലെ പഠനം കൊണ്ടാണ് കന്നഡ പഠിതാക്കൾ മലയാളത്തിൽ അച്ചടിച്ച ചോദ്യം നോക്കിയുള്ള പരീക്ഷ എഴുത്ത് എന്ന പരീക്ഷണത്തെ കൂടി നേരിടേണ്ടി വരുന്നത്. വലിയ പ്രായത്തിലും തൊഴിൽ പ്രമോഷനു വേണ്ടി ഉൾപ്പെടെ മറ്റു ജോലികൾക്കിടെ ആണ് പലരും തുല്യതാ പഠനത്തിനു സമയം കണ്ടെത്തുന്നത്. എഴുതാനും വായിക്കാനും അറിയാത്ത ഭാഷയിൽ തന്ന ചോദ്യം നോക്കിയെഴുതിയ പരീക്ഷയിൽ വലിയ പ്രതീക്ഷ ഇല്ലെന്നാണ് പഠിതാക്കൾ പറയുന്നത്. ചോദ്യം കന്നഡയിൽ പറഞ്ഞു തന്നു സഹായിച്ചിരുന്നുവെങ്കിൽ ഒരു പരിധി വരെയെങ്കിലും സഹായം ആകുമായിരുന്നു.  ഒരു വിഷയത്തിൽ 80 മാർക്കിന്റെ ചോദ്യങ്ങൾ ആണുള്ളത്. ക്ലാസ് കയറ്റം വേണമെങ്കിൽ 24 മാർക്ക് വേണം.

പരീക്ഷയെഴുതണോ, കയറിക്കോ മൂന്നാം നിലയിലേക്ക്
മുള്ളേരിയ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ തുല്യതാ പരീക്ഷയ്ക്ക് 35 പേരും പ്ലസ് ടു തുല്യതാ പരീക്ഷയ്ക്ക് 24 പേരുമാണ് ഉള്ളത്. 6 മാസം ഗർഭിണി, 4 മാസം പ്രായമായ കുഞ്ഞ് വരെയുള്ള വീട്ടമ്മമാർ വരെയുണ്ട് ഇവരിൽ. വീട്ടമ്മമാർക്കു പുറമേ ബാങ്ക് തൊഴിൽ, കെഎസ്ഇബി, തൊഴിലുറപ്പ് ജോലി, ആശ വർക്കർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരും ഉണ്ട്. സ്കൂൾ പതിവ് പ്രവൃത്തിദിനങ്ങളിൽ ആണെങ്കിൽ മുള്ളേരിയ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ എത്തുകയെന്നതും തുല്യതാ പഠിതാക്കൾക്ക് ഒരു പരീക്ഷണം തന്നെ. വെള്ളിയാഴ്ച ദിവസം മൂന്നാം നിലയിലാണ് പരീക്ഷാ ഹാൾ. 6 മാസം ഗർഭിണിയായ വീട്ടമ്മമാർ ഉൾപ്പെടെ ഈ നില കയറിയാണ് പരീക്ഷ എഴുതി ഇറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com