ചന്ദ്രഗിരിപ്പാലത്തിനടുത്ത കുഴികളിൽ വീണ് ജീവൻ പൊലിയാതിരിക്കാൻ അധികൃതർ കനിയണം
Mail This Article
കാസർകോട് ∙ ഇതൊരു അഭ്യർഥനയാണ്. ഈ വഴി യാത്ര പോകുന്നവർ ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന ആഗ്രഹത്തിൽ നിന്നുള്ള അപേക്ഷ. പൊട്ടിപ്പൊളിഞ്ഞ കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ചന്ദ്രഗിരിപ്പാലത്തിനടുത്തെ വൻകുഴികളിൽ ഇനിയും ജീവൻ പൊലിയരുത്.കഴിഞ്ഞ വർഷം ഒരു പെൺകുട്ടി ഇതേ കുഴിയിൽ ബൈക്ക് വീണതിനെത്തുടർന്ന് മരിച്ചിരുന്നു. ഇന്നലെ ഒരു മണിക്കൂറിനുള്ളിൽ മാത്രമായി വീണത് 3 ഇരുചക്ര വാഹനങ്ങൾ. ഭാഗ്യം കൊണ്ടുമാത്രമാണ് യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. അവരുടെ വാഹനങ്ങൾക്ക് കേടുപാടുണ്ട്.
കുഴി മൂടാൻ ഫണ്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. അവർ ഒഴിഞ്ഞ വീപ്പകൾ കൊണ്ടുവന്ന് റിബൺ കെട്ടി ഒരു മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. കുഴി വന്നതോടെ റോഡ് കൂടുതൽ ചുരുങ്ങി. സംസ്ഥാന പാതയാണെങ്കിലും കാസർകോടിന്റെയും മംഗളുരൂ അടക്കമുള്ള ചരക്ക് വ്യവസായത്തിന്റെയും പ്രധാന കവാടമാണ് ഈ റോഡ്. നല്ല തിരക്കാണ്. വലിയ ചരക്കു വാഹനങ്ങൾ ഒരുമിച്ചെത്തുമ്പോൾ ഗതാഗത തടസ്സം ഉണ്ടാകും.അപ്പോൾ ഇരുചക്രവാഹന യാത്രക്കാർ വെട്ടിച്ചുകയറാൻ ശ്രമിക്കവേയാണ് കുഴിയിലേക്ക് പതിക്കുന്നത്. ഇതിന് എന്നെങ്കിലും പരിഹാരം ഉണ്ടാകുമോ...
ഓർമയുണ്ടോ ശിവാനി ബാലിഗയെ
കഴിഞ്ഞ സെപ്റ്റംബർ 17ന് രാത്രി 7ന് സഹപാഠിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ നിലവിൽ പാതാളക്കുഴി രൂപപ്പെട്ടതിന്റെ സമീപത്തെ മറ്റൊരു കുഴിയിൽ വീണാണ് കണ്ണൂർ സ്വദേശിനിയായ മംഗളൂരുവിലെ വിദ്യാർഥിനി ശിവാനി ബാലിഗെ മരിച്ചത്. ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുന്നതിനിടെ കുഴിയിലേക്ക് വീണപ്പോൾ റോഡിൽ തലയിടിച്ചാണ് ദാരുണ്യാന്ത്യം. മഴക്കലാത്തായിരുന്നു അപകടം നടന്നത്. വെള്ളം നിറഞ്ഞതിനാൽ റോഡിലെ കുഴി പോലും കാണാൻ സാധിക്കാത്തതിനാൽ ബൈക്ക് മറിയുകയായിരുന്നു.ഒട്ടേറെ അപകടങ്ങളാണ് ഈ കുഴിയിൽ വീണ് കഴിഞ്ഞ വർഷം നടന്നത്.